ഏഷ്യാഡിന് അഞ്ചംഗ മനോരമ സംഘം

ജോമിച്ചൻ ജോസ്, സമീർ എ.ഹമീദ്, അനിരുദ്ധ് മാധവൻ, ജയിംസ് പുഞ്ചാൽ, പോൾ ഏബ്രഹാം

ഇന്തൊനീഷ്യയിൽ 18ന് ആരംഭിക്കുന്ന ഏഷ്യൻ ഗെയിംസിന്റെ വാർത്തകളും വിശേഷങ്ങളും വായനക്കാരിലെത്തിക്കാൻ വിപുലമായ സംഘവുമായി മനോരമ. മലയാള മനോരമ ലേഖകൻ ജോമിച്ചൻ ജോസ്, ഫൊട്ടോഗ്രഫർ സമീർ എ.ഹമീദ് എന്നിവരുടെ റിപ്പോർട്ടുകളും ചിത്രങ്ങളും ഇന്നുമുതൽ മനോരമ കായികം പേജിൽ. ദ് വീക്ക് മാഗസിനു വേണ്ടി മലപ്പുറം നിലമ്പൂർ സ്വദേശി അനിരുദ്ധ് മാധവൻ റിപ്പോർട്ട് ചെയ്യും. മാഗസിന്റെ കൊച്ചി ഡെസ്കിൽ സബ് എഡിറ്ററാണ്. മനോരമ ഓൺലൈൻ, ഓൺമനോരമ എന്നിവയ്ക്കു വേണ്ടി അസോഷ്യേറ്റ് പ്രൊഡ്യൂസർ പോൾ ഏബ്രഹാമാണ് റിപ്പോർട്ട് ചെയ്യുന്നത്. കാഞ്ഞിരപ്പള്ളി ചെമ്മലമറ്റം സ്വദേശിയാണ്. സീനിയർ ന്യൂസ് പ്രൊഡ്യൂസർ ജയിംസ് പുഞ്ചാൽ മനോരമ ന്യൂസിനു വേണ്ടി റിപ്പോർട്ട് ചെയ്യും. തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. 

മനോരമയുടെ കോഴിക്കോട് ബ്യൂറോയിൽ ചീഫ് റിപ്പോർട്ടറായ ജോമിച്ചൻ ജോസ് രണ്ടുതവണ ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്പും അഞ്ചുതവണ ദേശീയ സ്കൂൾ കായികമേളയും മനോരമയ്ക്കായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

ലാ ലിഗ ക്ഷണപ്രകാരം ബാർസലോന സന്ദർശിച്ച ഇന്ത്യൻ മാധ്യമസംഘത്തിൽ അംഗമായിരുന്നു. കോട്ടയം തോട്ടയ്ക്കാട് സ്വദേശിയാണ്. മനോരമ മലപ്പുറം യൂണിറ്റിലെ സീനിയർ ഫൊട്ടോഗ്രഫറായ സമീർ എ.ഹമീദ് ഏഷ്യൻ അത്‌ലറ്റിക് ചാംപ്യൻഷിപ്, ദേശീയ ഗെയിംസ്, ദേശീയ സ്കൂൾ കായികമേള തുടങ്ങിയവ മനോരമയ്ക്കായി കവർ ചെയ്തിട്ടുണ്ട്. കണ്ണൂർ പുതിയങ്ങാടി സ്വദേശിയാണ്.