ഡോ. കെ.എസ്. ഡേവിഡിന് അന്ത്യാഞ്ജലി

കൊച്ചി∙ വ്യാഴാഴ്ച രാത്രി നിര്യാതനായ പ്രമുഖ മനഃശാസ്ത്രജ്ഞൻ കടവന്ത്ര മനോരമ നഗർ കോലാടിയിൽ ഡോ. കെ.എസ്. ഡേവിഡി (70) ന് അന്ത്യാഞ്ജലി. വൃക്കസംബന്ധമായ രോഗത്തിനു ചികിൽസയിലായിരുന്ന ഡോ. ഡേവിഡിന്റെ അന്ത്യം രാത്രി പതിനൊന്നരയോടെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു. അദ്ദേഹത്തിന് അന്ത്യാഞ്ജലിയർപ്പിക്കാൻ കടവന്ത്രയിലെ വീട്ടിലെത്തിയതു നൂറുകണക്കിനാളുകളാണ്. ഇന്നലെ വൈകിട്ട് രവിപുരം ശ്മശാനത്തിലായിരുന്നു സംസ്കാരം.

മനഃശാസ്ത്രത്തെക്കുറിച്ചു സാധാരണക്കാർക്കിടയിൽ ഇത്രയേറെ പ്രചാരം സൃഷ്ടിക്കുന്നതിൽ സുപ്രധാന പങ്കു വഹിച്ച ഡേവിഡിന്റെ ജനനം 1947 നവംബർ 20നു കുന്നംകുളത്തായിരുന്നു. ജീവശാസ്ത്രത്തിൽ ബിരുദവും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽനിന്നു മാനസികാരോഗ്യ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും നേടിയശേഷം അദ്ദേഹം മുംബൈയിലെ വിവിധ ആശുപത്രികളിൽ പരിശീലനം പൂർത്തിയാക്കി.

ദാമ്പത്യപ്രശ്നങ്ങളെക്കുറിച്ചുള്ള പഠനങ്ങൾക്കു ഡോക്ടറേറ്റ് നേടിയശേഷം മദ്രാസ് ലയോള കോളജിൽ ബിരുദാനന്തര വിഭാഗത്തിൽ അസി. പ്രഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീടു പത്തു വർഷ‍ം എറണാകുളം സിറ്റി ആശുപത്രിയിൽ കൺസൽറ്റന്റ് സൈക്കോ തെറപ്പിസ്റ്റ് ആയിരുന്നു. 1983 മുതൽ എറണാകുളം സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബിഹേവിയറൽ സയൻസസ് ഡയറക്ടറാണ്.

നിങ്ങളുടെ മാനസിക പ്രശ്നങ്ങൾ, നിത്യജീവിതത്തിലെ മാനസിക പ്രശ്നങ്ങൾ, കുഞ്ഞുങ്ങളെ വളർത്തുമ്പോൾ, മാനസിക വിദഗ്ധന്റെ ഡയറിക്കുറിപ്പുകൾ, പ്രേമം, കാമം, ദാമ്പത്യം, വ്യക്തിത്വം – കാഴ്ചപ്പാടും പ്രായോഗികതയും തുടങ്ങിയവയാണു പ്രധാന കൃതികൾ. ഭാര്യ: പരേതയായ ഉഷ സൂസൻ ഡേവിഡ്. മക്കൾ: നിർമൽ, സ്വപ്ന. മരുമകൻ: ഡോ. വിഷ്ണു പ്രദീർ.