വകുപ്പ്തല അന്വേഷണമില്ലാതെ എ.വി. ജോർജിനെ തിരിച്ചെടുത്തു

തിരുവനന്തപുരം∙ വരാപ്പുഴയിൽ ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിൽ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന  എറണാകുളം മുൻ റൂറൽ എസ്പി: എ.വി.ജോർജിനെ സർവീസിൽ തിരിച്ചെടുത്തു. ഇന്റലിജൻസിൽ ആഭ്യന്തര സുരക്ഷാ വിഭാഗം എസ്പിയായിട്ടാണു നിയമനം. ജോർജിനെതിരെ വകുപ്പുതല അന്വേഷണം പോലും നടത്താതെയാണ് ഇന്നലെ തിരക്കിട്ടു സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവു സർക്കാർ പുറപ്പെടുവിച്ചത്. 

എ.വി.ജോർജിന്റെ കീഴിലുണ്ടായ റൂറൽ ടൈഗർ ഫോഴ്സെന്ന സമാന്തര പൊലീസ് സംഘമാണു  ശ്രീജിത്തിനെ കസ്റ്റഡിലെടുത്തു ക്രൂരമായി  മ‍ർദിച്ചതെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. റൂറൽ എസ്പിയുടെ നിർദേശ പ്രകാരമാണു ശ്രീജിത്തിനെ കസ്റ്റഡയിലെടുത്തെന്ന ആരോപണവും ഉയർന്നു. മാത്രമല്ല സംസ്ഥാന പൊലീസ് മേധാവിയുടെ അനുമുതിയില്ലാതെയാണു ജോർജ് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിച്ചതെന്നും എറണാകുളത്തെ 22 ക്രിമിനൽ കേസുകൾ ഇവർ അനധികൃതമായി ഒതുക്കി തീർത്തെന്നും ക്രൈം ബ്രാ​ഞ്ച് സർക്കാരിനു നൽകിയ ഇടലക്കാല റിപ്പോർട്ടിലും ചൂണ്ടിക്കാട്ടിയിരുന്നു. 

ഇതേ തുടർന്നാണു മേയ് 11നു ജോർജിനെ സസ്പെൻഡു ചെയ്തത്. എന്നാൽ ജോർജിനു കൊലപാതകത്തിൽ ബന്ധമില്ലെന്നു ക്രൈം ബ്രാഞ്ച് പിന്നീടു ഹൈക്കോടതിയെ അറിയിച്ചു.  സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ബന്ധുക്കളുടെ ഹർജി പരിഗണിക്കുമ്പോഴാണു ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ജോർജിനു  തിരിച്ചുവരാനുള്ള സാഹചര്യമൊരുങ്ങി. 

അതേസമയം ജോർജിനെതിരെ വകുപ്പുതല അന്വേഷണത്തിനു സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. അതിനായി ഉദ്യോഗസ്ഥനെയും നിശ്ചയിച്ചില്ല. ഇദ്ദേഹത്തിന്റെ സ്ഥാനക്കയറ്റ ശുപാർശ സർക്കാരിന്റെ പരിഗണനയിലാണ്.