എസ്എൻഡിപി യോഗം കേന്ദ്ര കാര്യാലയം തുറന്നു

നവീകരിച്ച എസ്എൻഡിപി യോഗം കേന്ദ്രകാര്യാലയം കൊല്ലത്തു ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, പ്രസിഡന്റ് ഡോ. എം.എൻ. സോമൻ, പ്രീതി നടേശൻ, മോഹൻ ശങ്കർ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കൊല്ലം∙ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, ആർഭാടരഹിതമായ ചടങ്ങിൽ എസ്എൻഡിപി യോഗത്തിന്റെ നവീകരിച്ച കേന്ദ്രകാര്യാലയം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. ധ്യാനമന്ദിരത്തിന്റെ ഉദ്ഘാടനം യോഗം പ്രസിഡന്റ് ഡോ. എം.എൻ.സോമൻ നിർവഹിച്ചു.

കാര്യാലയത്തിലെ ഗുരുമന്ദിരത്തിനു മുൻപിൽ പ്രാർഥനയോടെയാണു സമർപ്പണ ചടങ്ങുകൾ ആരംഭിച്ചത്. ഗുരുദേവന്റെ വെണ്ണക്കൽ പ്രതിമയ്‌ക്കു മുന്നിൽ പുഷ്പാർച്ചനയ്ക്കുശേഷം നാട മുറിച്ചായിരുന്നു ഉദ്ഘാടനം. ഗുരുദേവന്റെ ഛായാചിത്രത്തിനു മുന്നിൽ വെള്ളാപ്പള്ളി നടേശൻ ദീപം തെളിച്ചു. തുടർന്നു പുതിയ കൗൺസിൽ ഹാളിൽ യോഗം.

ആദ്യമായാണു കേന്ദ്രകാര്യാലയത്തിൽ കൗൺസിൽ യോഗം ചേരുന്നത്. പ്രീതി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ശ്രീനാരായണ മ്യൂസിയം, പൂർണമായും ശീതീകരിച്ച ധ്യാനമന്ദിരം എന്നിവ ഉൾപ്പെട്ടതാണു കേന്ദ്ര കാര്യാലയം.

ശ്രീനാരായണ ഗുരുവിന്റെ ജയന്തി മുതൽ സമാധി വരെയുള്ള മുഹൂർത്തങ്ങളും എസ്എൻഡിപി യോഗത്തിന്റെ ചരിത്രവുമാണു ചിത്രങ്ങളായും കുറിപ്പുകളായും മ്യൂസിയത്തിലുള്ളത്. ഗുരുവിന്റെ പൂർണകായ പ്രതിമയുമുണ്ട്.