‘ക്യാപ്റ്റൻ’ യാത്രയായി; സംസ്കാരം വെള്ളിയാഴ്ച പത്തനംതിട്ടയിൽ

കൊച്ചി ∙ മലയാള സിനിമയുടെ ‘ക്യാപ്റ്റൻ’ വിടവാങ്ങി. വില്ലനായും വീരനായും കോമാളിയായുമെല്ലാം അഭിനയ തലയെടുപ്പോടെ തെന്നിന്ത്യൻ സിനിമകളിൽ മൂന്നര പതിറ്റാണ്ടു നിറഞ്ഞു നിന്ന ക്യാപ്റ്റൻ രാജുവിന്റെ (68) അന്ത്യം ഇന്നലെ രാവിലെ എഴരയോടെ പാടിവട്ടം പാൻജോസ് അപ്പാർട്മെന്റിലെ വസതിയിലായിരുന്നു.

അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിൽ പക്ഷാഘാതം സംഭവിച്ചതിനെ തുടർന്നു രണ്ടര മാസത്തിലേറെയായി ആശുപത്രിയിലായിരുന്നു. കഴിഞ്ഞ15നാണ് വീട്ടിൽ കൊണ്ടുവന്നത്. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അമേരിക്കയിലുള്ള ഏക മകൻ രവിരാജ് വന്നശേഷം വെള്ളിയാഴ്ച വസതിയിലെത്തിക്കും. പൊതുദർശനത്തിനു വച്ച ശേഷം സ്വദേശമായ പത്തനംതിട്ടയിലേക്കു കൊണ്ടു പോകും. പ്രമീളയാണു ഭാര്യ. സംസ്കാരം വെള്ളിയാഴ്ച 5ന് പത്തനംതിട്ട പുത്തൻപീടിക നോർത്ത് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. ഉച്ചയ്ക്ക് 2ന് വിലാപ യാത്ര പത്തനംതിട്ടയിൽ എത്തും.

ഓമല്ലൂരിൽ അധ്യാപകരായ കെ.ജി. ഡാനിയൽ- അന്നമ്മ ദമ്പതികളുടെ മകനായ രാജു, ബിരുദം നേടിയ ശേഷം 21–ാം വയസ്സിൽ സെക്കൻഡ് ലഫ്റ്റനന്റായി കരസേനയിൽ ചേർന്നു. അഞ്ചു വർഷത്തിനു ശേഷം ക്യാപ്റ്റനായിരിക്കെ സ്വയം വിരമിച്ചു മുംബൈയിലെ കമ്പനിയിൽ മാനേജരായി ജോലി ചെയ്യവെ നാടകക്കളരിയിലൂടെ അഭിനയ രംഗത്തെത്തി.

1981ൽ ജോഷി സംവിധാനം ചെയ്ത ‘രക്തം’ ആയിരുന്നു ആദ്യ സിനിമ. രതിലയം. തടാകം, മോർച്ചറി, അസ‌ുരൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം പൗരുഷം നിറയുന്ന വില്ലൻ വേഷങ്ങളിലൂടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിൽക്കാലത്ത് ഹാസ്യ വേഷങ്ങളിലും തിളങ്ങി. ‘ഒരു വടക്കൻ വീരഗാഥ’യിലെ അരിങ്ങോടർ, ‘നാടോടിക്കാറ്റി’ലെ പവനായി, ‘ആവനാഴി’യിലെ സത്യരാജ് തുടങ്ങി ക്യാപ്റ്റൻ അനശ്വരമാക്കിയ കഥാപാത്രങ്ങൾ ഒട്ടേറെ.

റിലീസ് ആവാനുള്ള ‘വല്യ പെരുന്നാൾ’ ആണ് അവസാനം അഭിനയിച്ച ചിത്രം. ‘മാസ്റ്റർപീസ്’ ആണ് അദ്ദേഹം അവസാനമായി അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രം. മലയാളത്തിൽ അഞ്ഞൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. ഓരോ ഹിന്ദി, ഇംഗ്ലിഷ് സിനിമകളിലും അഭിനയിച്ചു. സീരിയലുകളിലും വേഷമിട്ടു. തമിഴ് സൂപ്പർ താരം വിക്രത്തെ മലയാളത്തിൽ അവതരിപ്പിച്ച ‘ഇതാ ഒരു സ്നേഹഗാഥ’, ‘മിസ്റ്റർ പവനായി 99.99’ എന്നീ സിനിമകൾ സംവിധാനം ചെയ്തു. സാമൂഹിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു.

15 വർഷം മുൻപ് സിനിമാ ഷൂട്ടിങ്ങിനായുള്ള യാത്രക്കിടെ തൃശൂർ കുതിരാനിൽ കാർ മറിഞ്ഞു ഗുരുതരമായി പരുക്കേറ്റ് ഏറെക്കാലം ചികിൽസയിലായിരുന്നു. പക്ഷേ, ആരോഗ്യപ്രശ്നങ്ങളെ വെല്ലുവിളിച്ച് വീണ്ടും അഭിനയത്തിൽ സജീവമായി. മൂന്നു വർഷം മുൻപ് ഹൃദയ ശസ്ത്രക്രിയയും വേണ്ടി വന്നു. കഴിഞ്ഞ ജൂണിൽ മകന്റെ വിവാഹത്തിന് അമേരിക്കയിലേക്കു പോകും വഴിയായിരുന്നു പക്ഷാഘാതം ഉണ്ടായത്.