സീസൺ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചിൽ കയറിയാൽ കടുത്തനടപടി

കൊല്ലം ∙ ഡീ റിസർവ്‍‌ഡ് അല്ലാത്ത കോച്ചുകളിൽ കയറുന്ന സീസൺ ടിക്കറ്റ് യാത്രക്കാരുടെ ടിക്കറ്റ് റദ്ദാക്കുന്നത് ഉൾപ്പെടെ കർശനനടപടി സ്വീകരിക്കാൻ റെയിൽവേയുടെ വാക്കാലുള്ള നിർദേശം. ടിക്കറ്റ് പരിശോധകർ പിടികൂടിയാൽ പിഴത്തുക നൽകി യാത്ര തുടരുന്ന ഇപ്പോഴത്തെ സമ്പ്രദായം അനുവദിക്കാനാകില്ലെന്ന നിലപാടിലാണു റെയിൽവേ. ഇത്തരം കോച്ചുകളിൽ യാത്രചെയ്യുന്ന സീസൺ ടിക്കറ്റ് യാത്രികരുടെ വിശദാംശങ്ങൾ ടിക്കറ്റ് പരിശോധകർ ശേഖരിക്കുന്നുണ്ട്. ആവശ്യമെങ്കി‍ൽ സീസൺ ടിക്കറ്റ് റദ്ദാക്കാനാണിത്. സീസൺ ടിക്കറ്റ് യാത്രികർക്കു സഞ്ചരിക്കാവുന്ന കോച്ചുകൾ മുൻകൂട്ടി തീരുമാനിച്ചിട്ടുണ്ടെന്നും റിസർവ്‌ഡ് കോച്ചുകളിലെ ഇവരുടെ യാത്ര മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്തവർക്കു പ്രയാസമാകാതിരിക്കാനാണു കർശന നടപടികളെന്നുമാണു റെയിൽവേയുടെ നിലപാട്.

സീസൺ ടിക്കറ്റുള്ളവർ അനുവദനീയമല്ലാത്ത കോച്ചുകളിൽ യാത്ര ചെയ്താൽ പിഴ ഈടാക്കുകയോ സീസൺ ടിക്കറ്റുകൾ റദ്ദാക്കുകയോ ഉൾപ്പെടെയുള്ള ശിക്ഷാനടപടികൾക്കു വകുപ്പുണ്ടെന്നും റെയിൽവേ പറയുന്നു. റെയിൽവേ പ്രോസിക്യൂഷൻ വിഭാഗത്തിൽ നിന്നും കർശന നടപടികൾക്കു നിർദേശമുണ്ട്. ഈയിടെ, തിരക്കേറിയ ദിവസങ്ങളിൽ ചില സീസൺ ടിക്കറ്റ് യാത്രികർ അനുവദനീയമല്ലാത്ത കോച്ചുകളിൽ സഞ്ചരിച്ചതുമായി ബന്ധപ്പെട്ട് ടിക്കറ്റ് പരിശോധകരുമായി തർക്കങ്ങളുണ്ടായതിന്റെ പശ്ചാത്തലത്തിൽ കൂടിയാണു നീക്കം. ഇതേസമയം, ഇതുസംബന്ധിച്ചു പ്രത്യേക ഉത്തരവൊന്നും നൽകിയിട്ടില്ലെന്നു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ പറഞ്ഞു.