അഭിമന്യുവധം: ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

അറസ്റ്റിലായ ആരിഫ് ബിൻ സലിം.

കൊച്ചി∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ക്യാംപസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി ആലുവ ഈസ്റ്റ് ചുണങ്ങംവേലി മുളംങ്കുഴി ചാമക്കാലയിൽ ആരിഫ് ബിൻ സലിം (25) അറസ്റ്റിലായി. അഭിമന്യു അടക്കമുള്ള വിദ്യാർഥികളെ ആക്രമിച്ചവരെ സംഘടിപ്പിച്ചു ക്യാംപസിലെത്തിച്ചത് ഇയാളാണെന്നാണു പൊലീസിന്റെ നിലപാട്.

ആരിഫ് ബിൻ സലിം അടക്കം 8 പ്രതികൾക്കെതിരെ പൊലീസ് കഴിഞ്ഞ ദിവസം തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

അക്രമത്തിൽ നേരിട്ടു പങ്കെടുത്ത 9 പ്രതികൾ ഇതോടെ പിടിയിലായി. അഭിമന്യുവിനെ കുത്തി വീഴ്ത്തിയത് ആരിഫ് ബിൻ സലിം അല്ലെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. അടുത്ത ദിവസം കേസിൽ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുമ്പോഴാണു പ്രതിയുടെ അറസ്റ്റ്. കേസിൽ മൊത്തം 28 പ്രതികളുണ്ട്.