വീണ്ടും യോഗം വിളിച്ച് ദക്ഷിണ റെയിൽവേ; ‘പൊട്ടിത്തെറി’ക്കൊരുങ്ങി കേരള എംപിമാർ

കൊച്ചി ∙ കേരളത്തിൽനിന്നുള്ള എംപിമാർ മുൻപ് ഉന്നയിച്ച ആവശ്യങ്ങളിൽ തീരുമാനമാകാത്ത സാഹചര്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ 26നു വിളിച്ചു ചേർത്തിട്ടുള്ള യോഗം പ്രക്ഷുബ്ധമാകും. ട്രെയിനുകളുടെ തുടർച്ചയായ വൈകിയോട്ടവും ചർച്ചയാകും.

റെയിൽവേ ബോർഡ് അനുമതിയുള്ള തിരുവനന്തപുരം – ബെംഗളൂരു, കൊച്ചുവേളി – നിലമ്പൂർ, എറണാകുളം – രാമേശ്വരം, മംഗളൂരു – രാമേശ്വരം ട്രെയിനുകൾ ഇനിയും ഓടിച്ചിട്ടില്ല. 2014ൽ പ്രഖ്യാപിച്ച തിരുവനന്തപുരം – ബെംഗളൂരു ട്രെയിൻ വാരാന്ത്യ സർവീസായി ഓടിക്കണമെന്ന കേരളത്തിന്റെ ആവശ്യവും നടപ്പായിട്ടില്ല. കേന്ദ്രമന്ത്രി പീയുഷ് ഗോയൽ വരെ ഉറപ്പു നൽകിയിട്ടും ട്രെയിനോടിക്കാൻ ദക്ഷിണ റെയിൽവേ നടപടിയെടുക്കാത്തതാണ് എംപിമാരെ ചൊടിപ്പിക്കുന്നത്.

ഈ വിഷയം യോഗത്തിൽ ശക്തമായി ഉന്നയിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ബസുകാരെ സഹായിക്കാനായി റെയിൽവേ വെള്ളിയാഴ്ച ബെംഗളൂരുവിൽനിന്നു കേരളത്തിലേക്കുള്ള ട്രെയിൻ അട്ടിമറിച്ചുവെന്നും ആക്ഷേപമുണ്ട്. റെയിൽവേ ബോർഡിൽ പരാതിപ്പെടുമ്പോൾ സോണിലാണു നടപടിയെടുക്കേണ്ടതെന്നും സോണിൽ ചോദിക്കുമ്പോൾ ബോർഡാണ് നടപടിയെടുക്കേണ്ടതെന്നും പറഞ്ഞ് റെയിൽവേ ഉദ്യോഗസ്ഥർ എംപിമാരെ ചുറ്റിക്കുകയാണെന്നും പരാതിയുണ്ട്.

കൊല്ലം – താംബരം പ്രതിദിന സർവീസും രാമേശ്വരം ട്രെയിനുകളും പരിഗണനയിലുണ്ടെന്നാണു ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേഷ്ഠ കഴിഞ്ഞ 9 മാസമായി ആവർത്തിക്കുന്നത്. എന്നാൽ, ഇതുവരെ ട്രെയിനോടിക്കാൻ നടപടിയുണ്ടായിട്ടില്ല. ചെന്നൈയിൽ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു പോയി ചർച്ച നടത്തിയ എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. രാഘവൻ എന്നിവർക്കും ഉറപ്പുകൾ മാത്രമാണു ലഭിച്ചത്. യോഗത്തിനു മുന്നോടിയായി എല്ലാ എംപിമാരിൽനിന്നും പ്രധാന ആവശ്യങ്ങളുടെ പട്ടിക റെയിൽവേ വാങ്ങിയിട്ടുണ്ട്.