5 ദിവസമായി മാറ്റമില്ലാതെ ഡീസൽവില; കുതിപ്പു തുടർന്ന് പെട്രോൾ

കൊച്ചി ∙ തുടർച്ചയായ കുതിപ്പിനു ശേഷം ഡീസൽ വിലയിൽ നേരിയ ആശ്വാസം. അഞ്ചു ദിവസമായി വിലയിൽ വർധനയില്ല. അതേസമയം പെട്രോൾ വിലയിൽ കുതിപ്പു തുടരുകയാണ്. കഴിഞ്ഞ 17 നു ശേഷം ഡീസൽ വില കൂടിയിട്ടില്ല. 17 ന് എട്ടു പൈസയായിരുന്നു ഉയർന്നത്. കൊച്ചിയിൽ 77.80 രൂപയാണ് ഇന്നലത്തെ വില. തിരുവനന്തപുരം നഗരത്തിൽ 78.97 രൂപയും കോഴിക്കോട് നഗരത്തിൽ 78.65 രൂപയുമാണ് ഒരു ലീറ്റർ ഡീസലിന്റെ വില. 6 രൂപ 64 പൈസയാണ് പെട്രോൾ, ഡീസൽ വിലകൾ തമ്മിലുള്ള വ്യത്യാസം. 

അതേസമയം പെട്രോൾ വില കൊച്ചി നഗരത്തിൽ 17ന് 84 രൂപയായിരുന്നത് ഇന്നലെ 84.54 രൂപയിലെത്തി. തിരുവനന്തപുരം നഗരത്തിൽ പെട്രോൾ വില 85.69 രൂപയാണ്. കോഴിക്കോട് 85.31 രൂപയാണു വില. 

മുംബൈയിൽ പെട്രോൾ വില 20 പൈസ കൂടി ഉയർന്നാൽ 90 രൂപയിൽ എത്തും. ഡീസൽവില ഇതിനോടകം 80 രൂപ കടന്നിട്ടുണ്ട്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണവില ഉയർന്നുനിൽക്കുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുന്നതുമാണ് എണ്ണവില കൂടാൻ കാരണം. രാജ്യത്ത് പെട്രോളിനും ഡീസലിനും ഇപ്പോൾ റെക്കോർഡ് വിലയാണ്.