വർധന മുടങ്ങാതെ ഇന്ധനവില

കൊച്ചി∙ അഞ്ചു ദിവസത്തെ ഇടവേളയ്ക്കുശേഷം ഡീസൽ വിലയിൽ വീണ്ടും വർധന. ഇന്നലെ 10 പൈസയും ഇന്ന് 6 പൈസയും ഉയർന്നതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില 78.06 രൂപയായി. 79.13 രൂപയാണ് തിരുവനന്തപുരം നഗരത്തിലെ വില. നഗരത്തിനു പുറത്ത് വില ലീറ്ററിന് 80 കടന്നു. കോഴിക്കോട് നഗരത്തിൽ 78.81 രൂപയായും വില ഉയർന്നു.

അതോടൊപ്പം, പെട്രോൾ വിലയിൽ ദിവസവും കുതിപ്പു തുടരുകയാണ്. ഇന്നലെ 18 പൈസയാണു കൂടിയത്. ഇന്ന് 11 പൈസയും. ഇതോടെ ഒരു ലീറ്റർ പെട്രോളിന് കൊച്ചി നഗരത്തിൽ വില 84.83 രൂപയായി. തിരുവനന്തപുരം നഗരത്തിൽ 85.88 രൂപയാണ് ഇന്നലത്തെ വില.

കോഴിക്കോട് നഗരത്തിൽ വില 85.60 രൂപയായും ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങൾക്കു പുറത്തു വില 86 കടന്നിട്ടുണ്ട്. മുംബൈയിൽ ഇന്ന് പെട്രോൾ വില ലീറ്ററിനു 90 കടന്നു.