അഭിമന്യു വധം: കുറ്റപത്രം ഇന്നോ നാളെയോ; കേസിൽ 26 പ്രതികളും 125 സാക്ഷികളും

കൊച്ചി ∙ മഹാരാജാസ് കോളജ് വിദ്യാർഥി എം. അഭിമന്യു വധക്കേസിൽ കുറ്റപത്രം ഇന്നോ നാളെയോ കോടതിയിൽ സമർപ്പിക്കും. 

കേസിൽ 26 പ്രതികളും 125 സാക്ഷികളുമുണ്ട്. കഴിഞ്ഞ ജൂലൈ രണ്ടിനു പുലർച്ചെയാണു കോളജ് ക്യാംപസിൽ അഭിമന്യു കുത്തേറ്റു മരിച്ചത്. 

പിടിയിലാകാനുള്ള സഹലും ഷഹീമും അടക്കം മൂന്നു പേരാണ് അഭിമന്യുവിനെയും കൂട്ടുകാരൻ അർജുൻ കൃഷ്ണയെയും കുത്തിയതെന്നു കുറ്റപത്രത്തിൽ പറയുന്നു. ഇതുവരെ 19 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ ഒൻപതു പേർ നേരിട്ടും ബാക്കിയുള്ളവർ അല്ലാതെയും കുറ്റകൃത്യത്തിൽ പങ്കുള്ളവരാണെന്നു കുറ്റപത്രം പറയുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയയാളെ  തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും പിടികൂടാൻ സാധിച്ചിട്ടില്ല. 

കുറ്റകൃത്യത്തിൽ നേരിട്ടു പങ്കുണ്ടെന്നു സംശയിക്കുന്ന ഏഴു പേർക്കെതിരെ തിരച്ചിൽ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.

 മുഖ്യപ്രതികൾ ഒളിവിൽ കഴിയുന്ന സാഹചര്യത്തിൽ റിമാൻഡിലുള്ള പ്രതികൾ ജാമ്യത്തിൽ ഇറങ്ങുന്നതു തെളിവു നശിപ്പിക്കാൻ വഴിയൊരുക്കുമെന്ന നിഗമനത്തിലാണു കുറ്റപത്രം ഉടൻ സമർപ്പിക്കുന്നത്. 

ചേർത്തല പാണാവള്ളി സ്വദേശി തൃച്ചാറ്റുകുളം കാരിപുഴി നമ്പിപുത്തലത്ത് മുഹമ്മദ് ഷഹീം (31), നെട്ടൂർ മേക്കാട്ട് സഹൽ ഹംസ (21), ആലുവ ഉളിയന്നൂർ പാലിയത്ത് പി.എം. ഫായിസ് (20), പള്ളുരുത്തി കച്ചേരിപ്പടി വെളിപ്പറമ്പ് വി. എൻ. ഷിഫാസ് (23), പള്ളുരുത്തി വെളി പൈപ്പ് ലൈൻ പുതുവീട്ടിൽ പറമ്പ് ജിസാൽ റസാഖ് (21), നെട്ടൂരിൽ വാടകയ്ക്കു താമസിക്കുന്ന തൻസീൽ മുഹമ്മദ്കുട്ടി (25), നെട്ടൂർ മേക്കാട്ട് സനിദ് ഹംസ (26) എന്നിവർക്കെതിരെയാണു തിരച്ചിൽ നോട്ടിസ്.

പത്മവ്യൂഹത്തിലെ അഭിമന്യുവാകാൻ വയനാട് സ്വദേശി

രക്തസാക്ഷി അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതു വയനാട്ടുകാരൻ. എറണാകുളം മഹാരാജാസ് കോളജിൽ കൊല്ലപ്പെട്ട എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യുവിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയിൽ നായകനായെത്തുന്നത് മാനന്തവാടി സ്വദേശി പി. ആകാശ് ആണ്. കൽപറ്റ എൻഎംഎസ്എം ഗവ. കോളജിലെ മൂന്നാം വർഷ ജേണലിസം വിദ്യാർഥിയാണ്.

പത്മവ്യൂഹത്തിലെ അഭിമന്യു എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം അടുത്ത മാസം എറണാകുളം, കോഴിക്കോട്, മൂന്നാർ എന്നിവിടങ്ങളിൽ നടക്കും. ആർഎംസിസി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ നവാഗതനായ വിനീഷ് ആരാധ്യയാണു ചിത്രം സംവിധാനം ചെയ്യുന്നത്.

കോഴിക്കോട് നടന്ന ഒഡിഷനിലൂടെയാണ് ആകാശിന് സിനിമയിൽ അവസരം ലഭിച്ചത്. കോളജിൽ കലാരംഗത്ത് സജീവമായ ആകാശ് ഒട്ടേറെ ഹ്രസ്വചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ചിത്രത്തിൽ നടൻ ഇന്ദ്രൻസും പ്രധാന റോളിലെത്തുന്നു.