ഗുരുദേവന്റെ കൊളംബോ യാത്രയും കാഷായവും

ശ്രീനാരായണ ഗുരുവിന്റെ കൊളംബോ സന്ദർശനത്തിന്റെ സ്മരണ പുതുക്കി പിൽക്കാലത്ത് സ്വാമി ബോധാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം ശ്രീലങ്ക സന്ദർശിച്ചപ്പോൾ.

‘‘സ്വാമികൾ ഈ വെള്ള വസ്ത്രം മാറ്റി കാഷായം ധരിച്ചാൽ നന്നായിരുന്നു.’’ 

രാമേശ്വരത്തുനിന്നു കൊളംബോയിലേക്കുള്ള കപ്പൽയാത്രയ്ക്കു മുമ്പായി ഗൃഹസ്ഥ ശിഷ്യനായ ചെറ്റുവാരി ഗോവിന്ദൻ ശിരസ്തദാർ ശ്രീനാരായണഗുരുവിനോടു ഭക്ത്യാദരപൂർവം പറഞ്ഞു. 

ഗുരു വെള്ളയല്ലാതെ മറ്റൊരു നിറവും അണിഞ്ഞിട്ടില്ല. യാത്രയിൽ ഗുരു കാഷായമുടുത്തു കാണാൻ ഏറ്റവുമധികം ആഗ്രഹിച്ചതു ശിഷ്യന്മാർ. എന്നാലാർക്കും നേരിട്ടു പറയാനുള്ള ധൈര്യമില്ല. ഒടുവിൽ എല്ലാവരും ചേർന്നു ഗോവിന്ദൻ ശിരസ്തദാറെ പറഞ്ഞയച്ചു.    

‘‘കാഷായമോ? അതെന്തിനാണ്..?’’ ഗുരു ആരാഞ്ഞു..  

‘‘അവിടെ എല്ലാവരും ഗുരുവിന്റെ വരവു കാത്തിരിക്കുകയല്ലേ? സന്യാസിയാകുമ്പോൾ കാഷായം  നന്നായിരിക്കില്ലേ..?’’

അൽപ നേരത്തെ ആലോചനയ്ക്കുശേഷം ഗുരു മറുപടി നൽകി: ‘‘നിങ്ങൾ തന്നിട്ടു വേണ്ടെന്നു വയ്ക്കുന്നില്ല. കാഷായമുടുക്കാം.. കപ്പലിലെ യാത്രയാണല്ലോ. അഴുക്കു പറ്റിയാലും അറിയില്ല..!’’ 

ഗുരു ആദ്യമായി കാഷായമണിഞ്ഞു. സ്വാമി ബോധാനന്ദയ്ക്കും ഗോവിന്ദൻ ശിരസ്തദാർക്കും പുറമെ സ്വാമി ഗോവിന്ദാനന്ദ, സ്വാമി സത്യവ്രതാനന്ദ, സ്വാമി ഹനുമാൻഗിരി, സ്വാമി രാമകൃഷ്ണാനന്ദ എന്നിവരാണു ഗുരുവിനെ അനുഗമിച്ചത്. രാത്രി ഒൻപതിനു കപ്പൽ ശ്രീലങ്കയിലെ തലൈമന്നാർ തുറമുഖത്തെത്തി. അവിടെനിന്നു ട്രെയിനിൽ കൊളംബോയിലേക്ക്. ഗുരുവിന്റെ സന്ദർശന വിവരം കമ്പിയടിച്ചിരുന്നെങ്കിലും അവിടെ ലഭിച്ചിരുന്നില്ല. പക്ഷേ ഗുരു എത്തിച്ചേർന്നതറിഞ്ഞ് ഒട്ടേറെ പേർ തടിച്ചുകൂടി വരവേറ്റു. തമിഴിലും മലയാളത്തിലുമാണു ഗുരു സംസാരിച്ചത്. ശ്രീലങ്കയിലെ പല ഭാഗങ്ങളിലും ഗുരു യാത്ര ചെയ്തു. കാണാനും അനുഗ്രഹം തേടിയും ഭക്തരെത്തി. ധർമപരിപാലന സംഘത്തിന്റെ മൂലധന സ്വരൂപണത്തിനായിരുന്നു പ്രധാനമായും ആ യാത്ര.

തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ പ്രവർത്തനങ്ങളാണു ഗുരു കൊളംബോയിലേക്കു പോകാൻ കാരണമായതെന്നു പിന്നീടു ശ്രീലങ്കയിൽ ഗുരു സഞ്ചരിച്ച സ്ഥലങ്ങളിൽ സന്ദർശനം നടത്തിയ കേരള സർവകലാശാല കൊമേഴ്സ് വിഭാഗം മുൻ മേധാവിയും ശ്രീനാരായണ ധർമസംഘം മുൻ അഡ്മിനിസ്ട്രേറ്ററുമായ ഡോ. എം.ശാർങ്ധരൻ പറയുന്നു.

‘കാഞ്ചീപുരത്തു ഗുരുവിനു ഭക്തർ ഒട്ടേറെയുണ്ടായി. അവിടെ ഗുരുവിനായി സ്ഥലം സംഭാവന നൽകിയവരിൽ ചെട്ടിയാർ സമുദായത്തിലെ ഒരു പ്രമുഖനുമുണ്ടായിരുന്നു..അദ്ദേഹത്തിനു മക്കളില്ലായിരുന്നു. ഈ സങ്കടം അറിയിച്ചപ്പോൾ ഇരട്ടക്കുട്ടികൾ ജനിക്കുമെന്നായിരുന്നു ഗുരുവിന്റെ മറുപടി. പിന്നീടദ്ദേഹത്തിനു രണ്ട് ആൺമക്കളുണ്ടായി. അതിലെ ഒരു കുട്ടിയുടെ മകനാണ് പിന്നീടു കേന്ദ്രമന്ത്രിയായ പി.ചിദംബരം. ചിദംബരം ധനമന്ത്രിയായിരിക്കുമ്പോഴാണു കേന്ദ്ര സർക്കാർ ശ്രീനാരായണഗുരു നാണയം പുറത്തിറക്കിയത്.’

കൊളംബോയിൽ ശ്രീനാരായണ ആശ്രമത്തിൽ ഇന്ന് ഒട്ടേറെ ഭക്തരെത്തുന്നു. അവിടെ ബുദ്ധവിഹാരങ്ങളിലും ഗുരുവിന്റെ ചിത്രം പതിച്ചിട്ടുണ്ട്. എട്ടാമത്തെ അവതാരമെന്നും അഭിനവ ബുദ്ധനെന്നുമാണു ശ്രീലങ്കക്കാർ ഗുരുവിനെ വിശേഷിപ്പിക്കുന്നതെന്നും ശാർങ്ധരൻ ചൂണ്ടിക്കാട്ടുന്നു.

ഒക്ടോബർ ഏഴുവരെ നീണ്ട സന്ദർശനത്തിനൊടുവിൽ ജനസഹ്രസങ്ങൾ ചേർന്നു യാത്രയാക്കുമ്പോൾ ഗുരു പറഞ്ഞത് ഇങ്ങനെ: ‘‘ഇനിയും കാണാം.’’ ആ വാക്കു യാഥാർഥ്യമാക്കി 1920ൽ ഗുരു വീണ്ടും കൊളംബോ സന്ദർശിച്ചു.