കലാഭവൻ മണിയുടെ മരണം: വിനയന്റെ മൊഴിയെടുത്തു

വിനയൻ, കലാഭവൻ മണി

തിരുവനന്തപുരം∙ നടൻ കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ടു സംവിധായകൻ വിനയന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന സിനിമയുടെ ക്ലൈമാക്സുമായി ബന്ധപ്പെട്ടാണു മൊഴിയെടുത്തത്. മണിയുടെ മരണം കൊലപാതകമായാണു സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നത്.

ഒരു കലാകാരനെന്ന നിലയിൽ തന്റേതായ വ്യാഖ്യാനം നൽകിയതാണെന്നും മറ്റു തെളിവൊന്നുമില്ലെന്നും സിബിഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി വിനയൻ പറഞ്ഞു. ഈ സിനിമയിലെ ക്ലൈമാക്സ് അന്വേഷണത്തിന് ഊർജം പകർന്നതായി സിബിഐ ഉദ്യോഗസ്ഥർ പറഞ്ഞു. ഇനി സത്യം തെളിയിക്കേണ്ടതു സിബിഐ ആണ്– വിനയൻ പറഞ്ഞു. മുക്കാൽ മണിക്കൂർ നീണ്ട മൊഴിയെടുപ്പിൽ കലാഭവൻ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും വിനയനോടു ചോദിച്ചു.

2016 മാർച്ച് ആറിനാണ് മണി മരിക്കുന്നത്. ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിച്ചിരുന്നു. വിഷമദ്യം ഉള്ളിൽ ചെന്നിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പൊലീസ് അന്വേഷണം എങ്ങുമെത്താതിരുന്നപ്പോൾ ഹൈക്കോടതി നിർദേശപ്രകാരമാണു സിബിഐ അന്വേഷണം ഏറ്റെടുത്തത്.