കെവിൻ കേസ് വിചാരണ 22ന്

കോട്ടയം∙ കെവിൻ വധക്കേസിൽ വിചാരണ തുടങ്ങി.  22നു കോട്ടയം അഡീഷണൽ സെഷൻസ് കോടതി കേസ് വീണ്ടും പരിഗണിക്കും. 

 സംസ്ഥാനത്തു റിപ്പോർട്ടു ചെയ്ത ആദ്യ ദുരഭിമാനക്കൊലപാതകമാണു കെവിൻ വധക്കേസെന്നും ഇത്തരം കേസുകളിലെ സുപ്രീംകോടതി വിധി അനുസരിച്ച് ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. 

നട്ടാശേരി പ്ലാത്തറ ജോസഫിന്റെ മകൻ കെവിനെ (24) ഭാര്യ നീനുവിന്റെ ബന്ധുക്കളും സഹായികളും ചേർന്നു കൊലപ്പെടുത്തിയെന്നാണ് കേസ്.  മേയ് 24നു രാത്രിയാണ് കെവിനെ കൊല്ലം തെന്മല സ്വദേശികളായ പ്രതികൾ തട്ടിക്കൊണ്ടു പോയത്. 

നീനുവിനെ കെവിൻ പ്രണയിച്ചു വിവാഹം കഴിച്ചതിലുള്ള ദുരഭിമാനം മൂലം  തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയെന്നാണു കേസ്. 

കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി.സാരഥിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിച്ചത്. കേസിൽ 186 സാക്ഷികളും 180 തെളിവു പ്രമാണരേഖകളുമുണ്ട്.  

കേസിലെ ഒന്നാം പ്രതിയും നീനുവിന്റെ സഹോദരനുമായ ഷാനു, അഞ്ചാം പ്രതിയും നീനുവിന്റെ പിതാവുമായ ചാക്കാ ജോൺ എന്നിവർ ഉൾപ്പെടെ 10 പേർ ഇപ്പോഴും റിമാൻഡിലാണ്. നാലു പേർക്കു ജാമ്യം ലഭിച്ചു.