പ്രസിദ്ധീകരണങ്ങൾ വാട്സാപ്പിൽ: അഡ്മിൻമാരെ തിരയുന്നു

കോട്ടയം∙ മലയാള മനോരമയുടെ വിവിധ പ്രസിദ്ധീകരണങ്ങളുടെ സോഫ്ട് കോപ്പി വാട്സാപ് ഗ്രൂപ്പുവഴി പ്രചരിപ്പിച്ച കേസിൽ മറ്റു പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. വാട്സാപ് ഗ്രൂപ്പിന്റെ അഡ്മിൻമാരായ എരുമേലി, കണ്ണൂർ സ്വദേശികളെയാണ് പിടികൂടാനുള്ളത്. കഴിഞ്ഞദിവസം നെടുംകുന്നം കുന്നേൽ എബി.കെ.ബിനോയെ സൈബർ സെല്ലിന്റെ സഹായത്തോടെ ഈസ്റ്റ് എസ്ഐ ടി.എസ്. റെനീഷ് അറസ്റ്റ് ചെയ്തിരുന്നു. പകർപ്പവകാശ നിയമപ്രകാരമാണു കേസ്.

മനോരമ പ്രസിദ്ധീകരണങ്ങൾ വിപണിയിൽ എത്തിയാലുടൻ പിഡിഎഫ് ഫയൽ ഉണ്ടാക്കി വാട്സാപ് ഗ്രൂപ്പുവഴി പ്രചരിപ്പിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു പരാതി ലഭിച്ചു പിറ്റേദിവസം തന്നെ ഗ്രൂപ്പ് അഡ്മിൻമാരെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഒരാൾ പിടിയിലായത്.