സച്ചിൻ വരുന്നില്ല; നെഹ്റു ട്രോഫി വള്ളംകളി 10നു തന്നെ

സച്ചിൻ തെൻഡുൽക്കർ

ആലപ്പുഴ ∙ സച്ചിൻ തെൻഡുൽക്കർ എത്തില്ല, നെഹ്റു ട്രോഫി ജലോത്സവം നവംബർ 10 നു തന്നെ.  ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണു മുൻപു പ്രഖ്യാപിച്ച തീയതിയിൽത്തന്നെ ജലോത്സവം നടത്താമെന്ന തീരുമാനവുമായി നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി മുന്നോട്ടു പോകുന്നത്. നവംബർ 10, 11 തീയതികളിൽ സച്ചിനു സൗകര്യപ്രദമായ ദിവസം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഓഫിസുമായി സൊസൈറ്റി ഭാരവാഹികൾ ബന്ധപ്പെട്ടെങ്കിലും ഈ ദിവസങ്ങളിൽ എത്താൻ കഴിയില്ലെന്ന് ഇന്നലെ അറിയിച്ചു.

ഈ സാഹചര്യത്തിൽ മറ്റൊരു മുഖ്യാതിഥിക്കായി ശ്രമം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെയും പ്രധാന അതിഥിയായി ക്ഷണിക്കും. സാമ്പത്തിക ബാധ്യതകളുള്ള എൻടിബിആർ സൊസൈറ്റിക്ക് സച്ചിൻ എത്താത്തത് അൽപം ആശ്വാസമാകുമെങ്കിലും, സച്ചിൻ എന്ന ആകർഷണം ഇല്ലാതാകുന്നതോടെ ടിക്കറ്റ് വിൽപനയിൽ ഇടിവുണ്ടായേക്കുമെന്ന ആശങ്ക സംഘാടകർക്കുണ്ട്. സച്ചിന്റെ ചെലവുകൾക്കായി ടൈറ്റിൽ സ്പോൺസർ വകയിരുത്തിയ തുകയും വിമാന ടിക്കറ്റിന്റെ തുകയും ഉൾപ്പെടെ ഇനി മറ്റു ചെലവുകൾക്കു മാറ്റാം.