റേഷൻ വില കിലോയ്ക്ക് 2 രൂപ വീതം കൂട്ടാൻ നിർദേശം

തിരുവനന്തപുരം ∙ വ്യാപാരികളുടെ വേതനം വർധിപ്പിക്കുന്നതിനു പണം കണ്ടെത്താൻ റേഷൻ ഭക്ഷ്യസാധനങ്ങൾക്കു വില കൂട്ടാൻ ധനവകുപ്പിന്റെ നിർദേശം. ഇക്കാര്യം മന്ത്രിസഭയുടെ പരിഗണനയ്ക്കു വിടാൻ ഫയൽ മുഖ്യമന്ത്രി പിണറായി വിജയന് അയച്ചു.

റേഷൻ വ്യാപാരികളുടെ വേതന വർധനയ്ക്കായി 80 കോടി രൂപ വേണമെന്നു ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടു. ധനവകുപ്പ് ആദ്യം മൗനം പാലിച്ചെങ്കിലും വ്യാപാരി സംഘടനകളുടെ സമ്മർദത്തിനൊടുവിൽ ഭക്ഷ്യധാന്യ വിലവർധന നിർദേശിക്കുകയായിരുന്നു.  

മുൻഗണനേതര വിഭാഗത്തിലെ (നീല, വെള്ള കാർഡ്) 40 ലക്ഷം പേർക്കുള്ള റേഷൻ സാധനങ്ങൾക്കു കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിപ്പിക്കാനാണു നിർദേശം. നീല കാർഡിലെ ഓരോ അംഗത്തിനും മാസം രണ്ടു കിലോഗ്രാം അരിയാണു നൽകുന്നത്. ഓരോ കാർഡിനും മൂന്നു കിലോ ആട്ടയും ലഭിക്കും. വെള്ള കാർഡിനു മാസം നാലു കിലോ അരിയും മൂന്നു കിലോ ആട്ടയും ഉണ്ട്. ആട്ടയ്ക്ക് ഇപ്പോൾ കിലോഗ്രാമിനു 16 രൂപയാണ് ഈടാക്കുന്നത്. അരിക്കും ആട്ടയ്ക്കും കിലോഗ്രാമിനു രണ്ടു രൂപ വീതം വർധിക്കും.

കഴിഞ്ഞ നവംബറിൽ വേതന വർധന നടപ്പാക്കിയപ്പോൾ അന്ത്യോദയ അന്നയോജന വിഭാഗം ഒഴികെയുള്ള 75 ലക്ഷം കാർഡ് ഉടമകൾക്കു ഭക്ഷ്യധാന്യങ്ങൾക്കു കിലോഗ്രാമിന് ഒരു രൂപ വീതം വർധിപ്പിച്ചിരുന്നു.  

റേ​ഷ​ൻ വ്യാ​പാ​രി​ക​ളു​ടെ കു​റ​ഞ്ഞ മാസവേ​ത​നം 16,000 രൂ​പ​യി​ൽ​ നി​ന്നു 18,000 ആ​ക്കാനാണു ശുപാർശ. നിലവിൽ 45 മു​ത​ൽ 72 വരെ ക്വി​ന്റ​ൽ വിൽപന​യു​ള്ള​വ​ർ​ക്കു സ​ർ​ക്കാ​ർ സ​ഹാ​യ​വും ക​മ്മിഷ​നു​ം ഉൾപ്പെടെ 16,000 രൂ​പയാണു​ ലഭിക്കുന്നത്. 

ഇ​നി 45 ക്വിന്റൽ വരെ വി​ൽ​ക്കു​ന്ന​വ​ർ​ക്കു 18,000 രൂ​പ അ​ടി​സ്ഥാ​ന ശ​മ്പ​ള​വും അതിനു മുകളിൽ വിൽക്കുന്ന ഓ​രോ ക്വി​ന്റലി​നും 180 രൂ​പ നിരക്കിൽ ക​മ്മിഷ​നും ല​ഭി​ക്കും. 

പു​തി​യ പാ​ക്കേ​ജ് പ്ര​കാ​രം 75 ക്വിന്റൽ  വി​ൽ​ക്കു​ന്ന​വ​ർ​ക്ക് 23,000 രൂപ, 100 ക്വി​ന്റ​ലി​ന് 27,900, 175 ക്വി​ന്റലി​ന് 41,400, 200 ക്വി​ന്റലി​ന് 45,900 രൂ​പ വീ​തം വേ​ത​നം ല​ഭി​ക്കും. 45 ക്വിന്റലി​നു താ​ഴെ വിൽപനയുള്ളവർക്കു സ​ഹാ​യധ​ന​മാ​യി 8500 രൂ​പ​യും വി​ൽ​ക്കു​ന്ന ഓ​രോ ക്വി​ന്റലി​നും 220 രൂ​പ കമ്മിഷനും കിട്ടും. 

മൂന്നു മാസം തുടർച്ചായി വാങ്ങിയില്ലെങ്കിൽ റേഷനില്ല

മൂന്നു മാസം തുടർച്ചയായി റേഷൻ ഭക്ഷ്യസാധനങ്ങൾ വാങ്ങാത്തവർക്കു റേഷൻ നൽകില്ല. തീരുമാനം ഡിസംബർ മുതൽ നടപ്പാക്കാനാണ് ആലോചന. മൂന്നു മാസം റേഷൻ വാങ്ങാത്തവർക്കു നോട്ടിസ് അയയ്ക്കുമെന്നു മന്ത്രി പി.തിലോത്തമൻ പറഞ്ഞു.

സംസ്ഥാനത്തു നിന്നു തൽക്കാലം മാറിത്താമസിക്കുന്നുവെന്ന് അറിയിച്ചാൽ അവർ പിന്നീട് എത്തുമ്പോൾ ഭക്ഷ്യസാധനം വാങ്ങാം. റേഷൻ വാങ്ങാത്തവരെക്കുറിച്ച് അന്വേഷണവും നടത്തും. രോഗികളോ യാത്ര ചെയ്യാനാകാത്തവരോ ആണെങ്കിൽ അവർക്കു റേഷൻ സാധനങ്ങൾ വീട്ടിൽ എത്തിച്ചു കൊടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പി.തിലോത്തമൻ അറിയിച്ചു.