അഭിലാഷ് ടോമിയെ തേടിയെത്തി, ‘ഒസിരിസി’ലെ മാലാഖമാർ

അഭിലാഷ് ടോമി തുരിയയ്ക്കുള്ളില്‍

‘താങ്കൾ ഒരു മാലാഖയാണ്’– പായ്മരം തകർന്ന ‘തുരീയ’യുടെ ഒരു കോണിൽ അനങ്ങാനാവാതെ കിടന്ന കമാൻഡർ അഭിലാഷ് ടോമി, ഒസിരിസ് കപ്പലിന്റെ സഹകപ്പിത്താനെ നോക്കി ഹൃദയപൂർവം നന്ദി പറഞ്ഞു. ലൂക്കാ ജോകു എന്ന ആ ഫ്രഞ്ച് നാവികനാകട്ടെ, അഭിലാഷിന്റെ വാക്കുകൾ ജീവിതത്തിലെ മറക്കാനാകാത്ത അനുഭവവും. ഐസ്പോലെ തണുത്ത കടലിനു നടുവിൽ, സാഹസികതയുടെയും സൗഹാർദത്തിന്റെയും ഊഷ്മളത പരത്തിയ ഒരു അസാധാരണ രക്ഷാദൗത്യം. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചി മൽസരത്തിനിടെ, ഇന്ത്യൻ സമുദ്രത്തിലെ കാറ്റിലും തിരയിലും പെട്ടു പരുക്കേറ്റ അഭിലാഷ് ടോമിയെ കരയണയാൻ സഹായിച്ച കപ്പലിലെ ജീവനക്കാർ ആ അനുഭവം ഓർത്തെടുക്കുന്ന വിഡിയോയാണു വൈറലായിരിക്കുന്നത്. വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ചത് അഭിലാഷ് തന്നെ.

∙ വഴി തിരിച്ചുവിട്ട രക്ഷാദൗത്യം

മറ്റൊരു പര്യവേക്ഷണദൗത്യവുമായി മറ്റൊരു വഴിയേ ശാന്തസുന്ദരമായി തുടങ്ങിയ ഒരു യാത്ര, നാവികചരിത്രത്തിലെ ആവേശഭരിതമായ രക്ഷാദൗത്യമായി മാറിയതിന്റെ ഓർമത്തിരകളാണു ഒസിരിസ് കപ്പിത്താൻ റോനാൻ കോയിക്, സഹ കപ്പിത്താൻ ലൂക്കാ ജോകു, സംഘാംഗമായ അർമേ ദെനോയ് എന്നിവരുടെ വിവരണങ്ങളിലൂടെ ലോകമറിഞ്ഞത്. രക്ഷാദൗത്യവേളയിലെ ദൃശ്യങ്ങളുമുണ്ട്.

സെപ്റ്റംബർ 21നു രാത്രി 8.40 ന് സഹായാഭ്യർഥന വന്നപ്പോൾ മുതൽ ഏറ്റവും എളുപ്പത്തിൽ സ്ഥലത്തെത്താനുള്ള വഴിയെപ്പറ്റിയായി കപ്പിത്താന്റെ ചിന്ത. അപകടത്തിൽ നട്ടെല്ലിനു പരുക്കേറ്റ നാവികൻ ഇപ്പോൾ ഏത് അവസ്ഥയിലാണ്? ബോധമുണ്ടോ? സംസാരിക്കാൻ കഴിയുമോ? ഇങ്ങനെ ചോദ്യങ്ങൾ പലതായിരുന്നു. ദൗത്യം അതീവ സങ്കീർണമെന്ന് ഉറപ്പിച്ചുതന്നെ ‘ഒസിരിസ്’ പുറപ്പെട്ടു.

∙ തുരീയയിൽ കണ്ട കാഴ്ച!

കളിപ്പാട്ടം പോലെ ആടിയുലഞ്ഞു കിടന്ന തുരീയ കണ്ണിൽപ്പെട്ടതും എല്ലാവരും ജാഗരൂകരായി. ലൂക്കായാണ് ആദ്യം വഞ്ചിയിലേക്കു കയറിയത്. മൂന്നുവട്ടം കരണംമറിഞ്ഞ വഞ്ചിയാണ്. എല്ലാം തകിടം മറിഞ്ഞ്, ആകെ കോലാഹലം. ഒരു കോണിൽ അഭിലാഷ് കിടക്കുന്നു. വേദന കടിച്ചമർത്തി മണിക്കൂറുകളായുള്ള കിടപ്പ്. ഭാഗ്യത്തിന് ബോധമുണ്ട്. സംസാരിക്കുന്നുണ്ട്. 3 മീറ്റർ പൊക്കത്തിലായിരുന്നു അപ്പോഴും തിരയടി. ആദ്യം സ്ട്രെച്ചറിലേക്കും പിന്നെ കപ്പലിലേക്കും മാറ്റി അഭിലാഷിന സുരക്ഷിതമായി രക്ഷപ്പെടുത്തിയതിന്റെ ചാരിതാർഥ്യം ഈ നാവികരുടെ മുഖത്തുണ്ട്.

ശരിക്കും വലിയ ഹീറോകളായല്ലോ എന്നു പറഞ്ഞാൽ അവർ പക്ഷേ, വിനയപൂർവം നിഷേധിക്കും. നാവികരെന്ന നിലയിൽ ചെയ്ത കർത്തവ്യം മാത്രം എന്നു പറഞ്ഞൊഴിയും. ഏകദേശം 3 മിനിട്ട് ദൈർഘ്യമുള്ള വീഡിയോ കണ്ടു കഴിയുമ്പോൾ, അഭിലാഷ് പറഞ്ഞതു കടമെടുത്തു കാഴ്ചക്കാരും പറയാതിരിക്കില്ല: രക്ഷകരേ, നിങ്ങൾ മാലാഖമാർ തന്നെ!