സരിതയുടെ പീഡനപരാതി: ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണത്തിന്

സരിത

തിരുവനന്തപുരം∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും കെ.സി. വേണുഗോപാൽ എം.പിക്കുമെതിരായുള്ള സരിത എസ്.നായരുടെ പീഡനപരാതി എസ്പി അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 2012 ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും കെ.സി. വേണുഗോപാൽ അന്നു മന്ത്രിയായിരുന്ന എ.പി.അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും തന്നെ പീഡിപ്പിച്ചെന്നാണു സരിതയുടെ പരാതി.

ബിജു രാധാകൃഷ്ണനുമായുള്ള പ്രശ്നങ്ങൾ സംസാരിക്കാനാണു ക്ലിഫ് ഹൗസിൽ പോയതെന്നും റോസ് ഹൗസിലേക്ക് അനിൽ കുമാറാണു വിളിച്ചുവരുത്തിയതെന്നും പരാതിയിൽ പറയുന്നു. ഉമ്മൻചാണ്ടിയുടെയും വേണുഗോപാലിന്റെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അന്വേഷണത്തിന് ഐജി മേൽനോട്ടം വഹിക്കും. സരിത എസ്.നായരുടെ പരാതിയിന്മേലാണ് അന്വേഷണം നടത്തുന്നതെന്നും നിയമം അതിന്റെ വഴിക്കു പോകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.

പരാതി ലഭിച്ചാൽ അന്വേഷിക്കാതിരിക്കാനാവില്ല. റിപ്പോർട്ട് വന്നശേഷം അടുത്ത നടപടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.