ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വിദേശിയടക്കം നാലുപേർ പിടിയിൽ

വീസ തട്ടിപ്പ‌ു കേസിൽ പിറവം പൊലീസ് അറസ്റ്റ് ചെയ്‌ത ഹരീഷ്, പ്രകാശ്‌രാജ്, ജ്ഞാനശേഖർ, എലോൽ ഡെറിക്

പിറവം ∙ ഫ്രാൻസിലെ മൾട്ടി സ്പെഷ്യൽറ്റി ആശുപത്രിയിൽ ‍ഡോക്ടർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഘാന സ്വദേശി ഉൾപ്പെടെ നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഘാന സ്വദേശി എലോൽ ഡെറിക് (32), ആന്ധ്ര ചിറ്റൂർ സ്വദേശികളായ മാടാനപ്പിള്ളി ഹരീഷ് (24), ത്യാഗരാജ സ്ട്രീറ്റ് പ്രകാശ് രാജ് (20), ബെംഗളൂരു പൂജാരിവാരിപ്പിള്ളി ജ്ഞാനശേഖർ (23) എന്നിവരെയാണ് റൂറൽ എസ്പി രാഹുൽ‌ ആർ. നായരുടെ നേതൃത്വത്തിൽ പിറവം എസ്ഐ വി.ഡി. റെജിരാജും സംഘവും ബെംഗളൂരുവിൽ നിന്നു പിടികൂടിയത്. മണീട് സ്വദേശി മോനി വി. ആതുകുഴിയുടെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹത്തിന്റെ മകൾക്ക് ഡോക്ടർ നിയമനം ഉറപ്പു നൽകി 11.62 ലക്ഷം രൂപയാണ് സംഘം തട്ടിയെടുത്തത്. 

വെബ്സെറ്റിൽ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. തെളിവിനായി ഫ്രഞ്ച് എംബസിയുടെയും ആശുപത്രിയുടെ വ്യാജരേഖകളും തയാറാക്കിരുന്നു. എലോൽ ഡെറിക്കാണ് സംഘത്തലവനെന്ന് പൊലീസ് പറഞ്ഞു. മോനി വി. ആതുകുഴി കഴിഞ്ഞ മാസം 19നും 29നും ഇൗ മാസം 10നുമായി അലഹബാദിലെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ഫ്രഞ്ച് എംബസിയിൽ നിന്നെന്നു പറഞ്ഞ് ചിലർ വിളിച്ച് കാര്യങ്ങൾ വേഗമാക്കണമെന്ന് ഓർമിപ്പിച്ചിരുന്നു.

ചില കാര്യങ്ങളിൽ സംശയം ഉന്നയിച്ചതോടെ വീസയുടെ കോപ്പിയും ആശുപത്രിയുടെ രേഖകളും അയച്ചു നൽകി. എംബസിയിൽ നിന്നു വീസ സാക്ഷ്യപ്പെടുത്തുന്നതിനായി ഇൗ മാസം പത്തിന് ഇവരോട് ഡൽഹിയിലെത്താൻ ആവശ്യപ്പെട്ടു. എംബസിയിലേക്ക് പുറപ്പെടുന്നതിനു തൊട്ടു മുൻപ് സർവീസ് ടാക്സായി 62,000 രൂപ കൂടി വാങ്ങി. എംബസിയിൽ നടത്തിയ സൂക്ഷ്മ പരിശോധനയിലാണ് സർട്ടിഫിക്കറ്റുകൾ വ്യാജമെന്നു തിരിച്ചറിഞ്ഞതെന്ന് മോനി പറഞ്ഞു.

അക്കൗണ്ടിനെപ്പറ്റി അന്വേഷണം; പ്രതികൾ കുടുങ്ങി

തട്ടിപ്പു സംഘം നൽകിയ അക്കൗണ്ടിനെക്കുറിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടുന്നതിനു വഴിയൊരുക്കിയതെന്ന് എസ്ഐ വി.ഡി. റെജിരാജ് പറഞ്ഞു. 12നാണ് കേസ് റജിസ്റ്റർ ചെയ്തത്. അക്കൗണ്ട് ഹരീഷിന്റെ പേരിലായിരുന്നു. അന്വേഷണത്തിൽ ഇയാളുടെ മൊബൈൽ നമ്പർ‌ ബെംഗളൂരുവിൽ കണ്ടെത്തി. തുടർന്ന് ഇയാൾ പിടിയിലായി. എലോൽ ഡെറിക്കിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കം മറ്റൊരു സംഘമാണ് ഇരകളെ കെണിയിൽ വീഴ്ത്തിയിരുന്നത്.

ബെംഗളൂരുവിൽ ‍ജ്ഞാനശേഖറിന്റെ ഉടമസ്ഥയിലുള്ള മണി ട്രാൻസ്ഫർ സ്ഥാപനത്തിലെ ജീവനക്കാരാണ് മറ്റുള്ളവർ. സന്ദർശക വീസയിൽ ഇന്ത്യയിലെത്തിയ എലോൽ ഡെറിക് പണം കൈമാറ്റം നടത്തുന്നതിനാണു ബെംഗളൂരുവിലെ സ്ഥാപനത്തിലെത്തിയത്. വിദേശിയായതിനാൽ ഇന്ത്യയിൽ ബാങ്ക് അക്കൗണ്ട് തുറക്കുന്നതിന് ബുദ്ധിമുട്ടുണ്ടെന്നും തന്റെ പേരിൽ എത്തുന്ന പണം കൈമാറി നൽകണമെന്നുമായിരുന്നു ആവശ്യം. ഉയർന്ന കമ്മിഷൻ വാഗ്ദാനം ചെയ്തതോടെ ഇവർ സമ്മതിച്ചു. 3 ലാപ്ടോപ്, 9 മൊബൈൽ, 26 എടിഎം കാർഡുകൾ എന്നിവ ഇവരിൽ നിന്നു പിടിച്ചെടുത്തു.

വീസയുടെ കാലാവധി കഴിഞ്ഞും താമസം

പിറവം ∙ സന്ദർശക വീസയിൽ എത്തിയ എലോൽ ഡെറിക് ബെംഗളൂരുവിൽ താമസിച്ചിരുന്നത് അനധികൃതമായി. ഘാനയിൽ നിന്നുള്ള പാസ്പോർട്ടിന് 2023 വരെ കാലാവധിയുണ്ടെങ്കിലും വീസയുടെ കാലാവധി കഴിഞ്ഞ മാസം ഒന്നിന് കഴിഞ്ഞിരുന്നു. ഇതിനാൽ ഇയാൾക്കെതിരെ മറ്റൊരു കേസ് കൂടി റജിസ്റ്റർ ചെയ്തു. താമസസ്ഥലത്തു രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഡെറിക്കിനെ പിടികൂടാനായത്. പൊലീസ് സംഘം വളഞ്ഞതോടെ ഇയാൾ അക്രമാസക്തനായി. തോക്കു ചൂണ്ടിയാണ് കീഴ്പ്പെടുത്തിയതെന്ന് എസ്ഐ വി.ഡി. റെജിരാജ് പറഞ്ഞു.