കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം∙ ഉമ്മൻചാണ്ടിക്കും കെ.സി.വേണുഗോപാലിനുമെതിരെ എടുത്ത കേസ് യുഡിഎഫ് രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നു മുസ്‌ലിം‌ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.െക.കുഞ്ഞാലിക്കുട്ടി. കേസ് രാഷ്ട്രീയവൽക്കരിക്കില്ലെന്നാണു പ്രതീക്ഷ. മറിച്ചാണെങ്കിൽ അതിനെ നേരിടുമെന്നു പ്രസ് ക്ലബിന്റെ മുഖാമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരെ ഇത്തരത്തിലൊരു കേസ് റജിസ്റ്റർ ചെയ്തതു ബാലിശമാണ്. ഇതു പൊതുജനം വിശ്വസിക്കില്ല.

ശബരിമല കോടതി വിധി നടപ്പാക്കുന്നതു സാവകാശത്തിൽ വേണ്ടതായിരുന്നു. സർക്കാർ പുനഃപരിശോധനാ ഹർജി നൽകിയിരുന്നുവെങ്കിൽ കാര്യങ്ങൾ ഇത്ര വഷളാകില്ലായിരുന്നു. മതേതരമായ സ്ഥലത്തെ സംഘപരിവാർ സംഘടനകൾക്കു വർഗീയവൽക്കരിക്കാനുള്ള അവസരം സർക്കാർ ഒരുക്കിക്കൊടുത്തു. സംഘപരിവാർ സംഘടനകളുടെ ആശയവും ശബരിമലയുമായി ബന്ധമില്ല. ശബരിമല പ്രശ്‌ന പരിഹാരത്തിനായി സർവകക്ഷി യോഗം വിളിക്കണമായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും. ബിജെപിയെ മുതലെടുപ്പിന് അനുവദിച്ചുകൊണ്ടുള്ള കൈവിട്ട കളിയാണ് എൽഡിഎഫ് നടത്തുന്നത്. മുതലെടുപ്പു രാഷ്ട്രീയക്കാരെ കേരളം തള്ളിക്കളയുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.