ശമ്പള കുടിശിക; നഴ്സുമാർ വീണ്ടും സമരത്തിന്

തിരുവനന്തപുരം ∙ ശമ്പളകുടിശിക നൽകാത്തതിലും ട്രെയിനി നിയമനം ലഭിക്കുന്നവരുടെ ശമ്പളം വർധിപ്പിച്ച ഉത്തരവു പുറപ്പെടുവിക്കാത്തതിലും പ്രതിഷേധിച്ചു സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ വീണ്ടും സമരത്തിലേക്ക്. ശമ്പളവർധന പ്രഖ്യാപിച്ച തൊഴിൽ വകുപ്പ് കഴിഞ്ഞ ഒക്ടോബർ മുതൽ പ്രാബല്യം ഉണ്ടാകുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. സർക്കാർ പറഞ്ഞ ശമ്പളം സ്വകാര്യ ആശുപത്രികൾ ഭേദഗതികളോടെ നടപ്പാക്കിയെങ്കിലും കുടിശിക നൽകാൻ തയാറായിട്ടില്ല. ട്രെയിനി നഴ്സുമാരുടെ ശമ്പളം 10,500 രൂപയാക്കാനും തീരുമാനിച്ചിരുന്നു. നിലവിൽ 6500 രൂപയാണു ശമ്പളം. ഉത്തരവ് ഇറക്കാത്തതിനെതിരെ നഴ്സുമാരുടെ സംഘടനാ ഭാരവാഹികൾ മന്ത്രി ടി.പി.രാമകൃഷ്ണനെ ഉൾപ്പെടെ സമീപിച്ചിരുന്നു.

സുപ്രീംകോടതി നിയോഗിച്ച സമിതി ശുപാർശ ചെയ്ത ശമ്പളം നൽകുന്നുവെന്നാണു സർക്കാർ അവകാശപ്പെടുന്നത്. എന്നാൽ അതു പാടേ അട്ടിമറിച്ചു തൊഴിൽ വകുപ്പ് പുതിയ ശമ്പള സ്കെയിൽ നിശ്ചയിക്കുകയായിരുന്നു. മിനിമം വേതനനിർണയ സമിതികളിലെ അംഗങ്ങളായ സിഐടിയു ഉൾപ്പെടെ ട്രേഡ് യൂണിയനുകളുടെ നേതാക്കൾ ആശുപത്രികളുടെ താൽപര്യം സംരക്ഷിക്കാനാണു ശ്രമിച്ചതെന്ന് ആരോപണമുണ്ട്. ആശുപത്രികളിലെ കിടക്കകളുടെ എണ്ണം കണക്കാക്കിയാണു ശമ്പളം നിശ്ചയിക്കുന്നത്. 50 കിടക്കകൾ വരെയുള്ള ആശുപത്രികളിൽ നഴ്സുമാർക്ക് 20000 രൂപ ശമ്പളം നൽകണമെന്നാണു സുപ്രീം കോടതി നിർദേശം.