പൂക്കോട് വെറ്ററിനറി കോളജിന് മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി

പുരസ്കാരം നേടിയ മാഗസിനുകളുടെ കവർപേജുകൾ.

കേരളത്തിലെ ഏറ്റവും മികച്ച കോളജ് മാഗസിനുള്ള ‌മലയാള മനോരമ ചീഫ് എഡിറ്റേഴ്സ് ട്രോഫി പുരസ്കാരം വയനാട് പൂക്കോട് കോളജ് ഓഫ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസിന്റെ ‘കുളിപ്രത്യയം’ എന്ന മാഗസിന്. ശിൽപവും മാഗസിൻ എഡിറ്റർക്ക് 50,001 രൂപയുമാണു പുരസ്കാരം. പത്തനംതിട്ട ഇലന്തൂർ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷന്റെ ‘മിണ്ടാപ്പൂച്ച’യ്ക്കാണ് രണ്ടാം സമ്മാനം (ശിൽപവും 30,001 രൂപയും). മഞ്ചേരി ഗവ. മെഡിക്കൽ കോളജിന്റെ ‘360 ഡിഗ്രി’ മൂന്നാം സ്ഥാനം നേടി (ശിൽപം, 20,001 രൂപ).

മികച്ച മാഗസിൻ കവർപേജിനുള്ള പുരസ്കാരം (10,001 രൂപ) ‘കുളിപ്രത്യയ’ത്തിന്റെ കവർ ഡിസൈൻ ചെയ്ത പൂക്കോട് വെറ്ററിനറി കോളജിലെ ഡെൻസിൻ റോൺസ് തമ്പിക്കാണ്. സംവിധായകൻ അമൽ നീരദ്, എഴുത്തുകാരി ദീപ നിശാന്ത്, മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.