ഉമ്മൻ ചാണ്ടിക്ക് ഇന്ന് 75 വയസ്സു തികയുന്നു; ആഘോഷത്തിനു നിൽക്കാതെ ഈ ജന്മദിനവും

ഉമ്മൻ ചാണ്ടി

കോട്ടയം∙ യാത്രയൊഴിഞ്ഞൊരു നേരമില്ലാത്ത നേതാവിന് 75–ാം ജന്മദിനവും ആഘോഷമില്ലാത്ത സാധാരണദിവസം. വിപുലമായി പിറന്നാൾ ആഘോഷിക്കുന്ന പതിവു പണ്ടേയില്ലാത്ത എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിക്ക് ഇന്നും തിരക്കോടുതിരക്ക്. രാവിലെ തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ കുടുംബാംഗങ്ങൾക്കൊപ്പം പ്രാതൽ കഴിക്കുന്നതിൽ മിക്കവാറും പിറന്നാൾ ആഘോഷം ഒതുങ്ങും.

കേക്കുമുറിക്കൽ പോലുള്ള ആഘോഷങ്ങൾ വീട്ടിലും ഇല്ല. പാർട്ടി നേതാക്കളും പ്രവർത്തകരും നേരിട്ടും ഫോണിലും ആശംസ അറിയിക്കും. ഏതാനും ദിവസങ്ങളായി ആന്ധ്രയിലായിരുന്ന ഉമ്മൻ ചാണ്ടി കഴിഞ്ഞ ദിവസമാണു തിരുവനന്തപുരത്ത് എത്തിയത്. ഭാര്യ മറിയാമ്മയും മക്കളായ മറിയയും ചാണ്ടി ഉമ്മനും രാവിലെ പള്ളിയിൽ പോകുന്നുണ്ട്. ഉമ്മൻ ചാണ്ടി കൊല്ലത്തു യുഡിഎഫ് പൊതുസമ്മേളനത്തിൽ പങ്കെടുക്കും. പിറന്നാളൊന്നും ആഘോഷിക്കാറില്ലെന്നു ഉമ്മൻ ചാണ്ടി പറയുന്നു. ‘മിക്കവാറും യാത്രയിലായിരിക്കും. പുതുപ്പള്ളിയിൽ പോകുന്ന പതിവുമില്ല.’

പുതുപ്പള്ളി കാരോട്ട വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബിയുടെും മകനായി 1943 ഒക്ടോബർ 31നാണു ജനനം. പുതുപ്പള്ളി സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം സിഎംഎസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ് എന്നിവിടങ്ങളിലെ പഠന ശേഷം എറണാകുളം ലോ കോളജിൽ നിന്നു നിയമ ബിരുദം നേടി.

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിൽ എത്തിയ ഉമ്മൻ ചാണ്ടി 1967 ൽ സംസ്ഥാന പ്രസിഡന്റായി. 1969 ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി 1970 ൽ പുതുപ്പള്ളിയിൽ നിന്നു നിയമസഭയിൽ എത്തി. നിയമസഭയിൽ 48 വർഷവും പൂർത്തിയാകുന്നു.രണ്ടു വട്ടം മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി നിലവിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയാണ്.