ഉമ്മൻ ചാണ്ടിയുടെ പിറന്നാൾ കാരുണ്യയിൽ

തിരുവനന്തപുരം ∙ ഉള്ളൂർ കാരുണ്യ ഗൈ‍ഡൻസ് സെന്ററിലെ അന്തേവാസികളുമൊത്ത് ഉമ്മൻ ചാണ്ടിയുടെ എഴുപത്തിയഞ്ചാം പിറന്നാൾ. ഇന്നലെ രാവിലെ ഇവർക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചു. ആർസിസിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും സൗജന്യമായി താമസിപ്പിക്കുന്ന സ്ഥാപനമാണ് കാരുണ്യ ഗൈഡൻസ് സെന്റർ. അവിടെ ചാപ്പലിൽ നടന്ന കുർബാനയിലും പങ്കെടുത്തു. മറ്റ് ആഘോഷങ്ങളൊന്നുമില്ലായിരുന്നു.

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തിൽ പങ്കെടുത്ത ഉമ്മൻ ചാണ്ടിക്ക് കോൺഗ്രസ് നേതാക്കൾ പിറന്നാൾ ആശംസകൾ നേർന്നു. മാധ്യമങ്ങൾ പിറന്നാളിനെക്കുറിച്ചു ചോദിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല. വിവിധ പൊതുപരിപാടികളിൽ പങ്കെടുത്ത ശേഷം അദ്ദേഹം വൈകിട്ട് ഡൽഹിയിലേക്കു പോയി.