ട്രെയിനിൽ ടിക്കറ്റില്ലാതെ 2.94 ലക്ഷം യാത്രക്കാർ; പിഴ 12.46 കോടി രൂപ

തൃശൂർ∙ സംസ്ഥാനത്ത് ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ ട്രെയിനിൽ ടിക്കറ്റില്ലാതെയും മതിയായ യാത്രാ പാസുകളില്ലാതെയും യാത്ര ചെയ്തത് 2,94,978 ആളുകൾ. ഇവരിൽനിന്നു പിഴയായി റെയിൽവേ പിരിച്ചെടുത്തത് 12.46 കോടി രൂപ. 

ദക്ഷിണ റെയിൽവേയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസിൽനിന്നു ലഭിച്ച വിവരാവകാശ മറുപടിപ്രകാരം കേരളത്തിൽ ഏറ്റവുമധികം ആളുകൾ ടിക്കറ്റില്ലാതെ പിടിയിലായത് പാലക്കാട് റെയിൽവേ ഡിവിഷനിലാണ്. 1,57,525 പേർ. തിരുവനന്തപുരം ഡിവിഷനിൽ 1,37,453 യാത്രക്കാർ പിടിയിലായി. പാലക്കാട് ഡിവിഷനിൽ 6.34 കോടി രൂപയും തിരുവനന്തപുരം ഡിവിഷനിൽ 6.12 കോടി രൂപയും പിഴയായി ലഭിച്ചു. 

സീസൺ ടിക്കറ്റിൽ കൃത്രിമം കാണിച്ച വിദ്യാർഥികളും ടിക്കറ്റെടുക്കാത്ത നൂറോളം സ്‌ഥിരം യാത്രക്കാരും പിടിയിലായവരിലുണ്ട്. കാലഹരണപ്പെട്ട ടിക്കറ്റുമായി യാത്രചെയ്തവർ, സീസൺ ടിക്കറ്റുമായി അനുവാദമില്ലാത്ത കോച്ചിൽ കയറിയവർ, കൃത്രിമ യാത്രാ പാസുകളുമായി യാത്ര ചെയ്തവർ എന്നിങ്ങനെയാണ് പിടിയിലായവരിൽ കൂടുതൽ. 

പാസഞ്ചർ ട്രെയിനുകളിലാണു ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരുടെ ‘തിരക്ക്’. ദക്ഷിണ റെയിൽവേ മേഖലയിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നുണ്ടെന്നും ദക്ഷിണ റെയിൽവേ പാസഞ്ചർ ആൻഡ് മാർക്കറ്റിങ് കൊമേഴ്സ്യൽ മേധാവി മറുപടിയിൽ പറയുന്നു. 

ദക്ഷിണ റെയിൽവേ മേഖലയിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തവർ (2018 ജനുവരി മുതൽ 2018 സെപ്റ്റംബർ വരെ) 

ചെന്നൈ ഡിവിഷൻ: 3,70,641– 3,36,639 

പാലക്കാട്: 1,80,402–1,57,525

തിരുവനന്തപുരം: 1,63,518–1,37,453

തിരുച്ചിറപ്പള്ളി: 1,11,935–87,779

മധുര: 56,881–54,090

സേലം: 1,82,851–1,73,964

ദക്ഷിണ റെയിൽവേ മേഖലയിൽ പിഴയിനത്തിൽ ലഭിച്ചത് (2018 ജനുവരി മുതൽ  2018 സെപ്റ്റംബർ വരെ) 

ചെന്നൈ ഡിവിഷൻ: 11.82 കോടി രൂപ

പാലക്കാട് : 6.34 

തിരുവനന്തപുരം: 6.12

തിരുച്ചിറപ്പള്ളി: 3.99 

മധുര: 2.87

സേലം: 7.24

ടിക്കറ്റില്ലാതെ യാത്ര ചെയ്താൽ

പിഴയോ ജയിൽശിക്ഷയോ ലഭിക്കാവുന്ന കുറ്റമാണു ടിക്കറ്റില്ലാ യാത്ര. ടിക്കറ്റില്ലെങ്കിൽ നൽകുന്ന കുറഞ്ഞ പിഴ 280 രൂപയാണ്. ഒപ്പം ടിക്കറ്റ് നിരക്കും ഈടാക്കും. ദൂരവും ക്ലാസുമനുസരിച്ചു പിഴ കൂടാനും സാധ്യതയുണ്ട്. എന്നാൽ, പിഴയൊടുക്കുന്നില്ലെങ്കിൽ ജയിലിലടയ്‌ക്കാൻ വരെ വ്യവസ്‌ഥയുണ്ട്.