സഞ്ചരിക്കുന്ന മാലിന്യക്കൂമ്പാരമായി ചെന്നൈ മെയിൽ

ചെന്നൈ–തിരുവനന്തപുരം മെയിൽ.

കൊച്ചി ∙ വൃത്തിയില്ലാത്ത ചെന്നൈ–തിരുവനന്തപുരം മെയിലിലെ യാത്ര നരകതുല്യമെന്നു പരാതി. കോച്ചുകൾ കഴുകാറില്ല.ഒരു വർ‍ഷമായി മഴ കനിഞ്ഞാൽ മാത്രമാണു കോച്ചുകൾ വൃത്തിയാകുന്നത്.കോയമ്പത്തൂർ–ചെന്നൈ ചേരൻ എക്സ്പ്രസുമായുളള റേക്ക് ലിങ്കിനെ തുടർന്നു 2017 ഫെബ്രുവരി മുതൽ ചെന്നൈ മെയിലിന്റെ അറ്റകുറ്റപ്പണി ചെന്നൈയിൽ നിന്നു കോയമ്പത്തൂരിലേക്കു മാറ്റിയിരുന്നു. അന്നു മുതൽ ട്രെയിന്റെ അറ്റകുറ്റപ്പണിയും വൃത്തിയും കുറഞ്ഞുവെന്നാണു പരാതി. സ്ഥിരം യാത്രക്കാർ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

ബയോ ശുചിമുറികളിൽ പലതും പ്രവർത്തന ക്ഷമമല്ല. വാഷ് ബേസിനുകളിലും ചവറ്റു കുട്ടകളിലും മാലിന്യം നിറഞ്ഞു ഉപയോഗിക്കാൻ കഴിയാത്ത തരത്തിലാണു പലപ്പോഴും ട്രെയിൻ സർവീസ് നടത്തുന്നത്.എലി ശല്യവും രൂക്ഷം.പൊടിയും അഴുക്കും കാരണം കോച്ചുകളുടെ പുറംഭാഗത്തു തൊടാന്‍ കഴിയില്ല. കേസ് കോടതിയിലായതിനാൽ ഒന്നും ചെയ്യാനില്ലെന്ന നിലപാടിലാണു റെയിൽവേ. നിയമപ്രശ്നമുണ്ടെങ്കിൽ അതു പരിഹരിക്കുന്നതു വരെ കാത്തിരിക്കാതെ പകരം സംവിധാനം ഏർപ്പെടുത്തി വൃത്തിയുളള കോച്ചുകൾ ഉറപ്പാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെടുന്നു. ചെന്നൈ ഡിവിഷന്റെ കീഴിലുളള ട്രെയിനായതിനാൽ സേലം ഡിവിഷൻ, മെയിലിന്റെ കാര്യത്തിൽ വലിയ താൽപര്യം കാണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.