നടി ലക്ഷ്മി കൃഷ്ണമൂർത്തി അന്തരിച്ചു

ചെന്നൈ ∙ മലയാള സിനിമയിൽ അമ്മവേഷങ്ങളിലൂടെ പ്രശസ്തയായ നടിയും ആകാശവാണിയിലെ ആദ്യ വാർത്താവായനക്കാരിൽ ഒരാളുമായ ലക്ഷ്മി കൃഷ്ണമൂർത്തി (90) അന്തരിച്ചു. ശ്വാസകോശരോഗത്തെത്തുടർന്നു ചികിൽസയിലായിരുന്നു. സംസ്കാരം നടത്തി. ആകാശവാണി ഉദ്യോഗസ്ഥനായിരുന്ന മൈസൂരു സ്വദേശി പരേതനായ കൃഷ്ണമൂർത്തിയാണു ഭർത്താവ്.

‘ഈ പുഴയും കടന്ന്’ എന്ന സിനിമയിലെ ‘സുകുമാരന്റനിയാ’ എന്ന വിളിയിലൂടെ ജനപ്രീതി നേടിയ മുത്തശ്ശി കഥാപാത്രമായാണു ലക്ഷ്മിയെ യുവതലമുറയ്ക്കു പരിചയം. വള്ളുവനാടൻ ഭാഷാശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ടു.

കോഴിക്കോട് ചാലപ്പുറം ചെങ്കളത്ത് ദേവകി അമ്മയുടെയും മുല്ലശ്ശേരി ഗോവിന്ദമേനോന്റെയും മകൾ ലക്ഷ്‌മിദേവി 1950ലാണു കോഴിക്കോട് ആകാശവാണിയിൽ ആർട്ടിസ്‌റ്റ് കം അനൗൺസറായത്. തിക്കോടിയനും ലക്ഷ്മിയും ചേർന്ന് അവതരിപ്പിച്ച ‘ബാലരംഗം’, ലക്ഷ്മി നാണിയമ്മയായി എത്തിയ ‘നാട്ടിൻപുറം’ തുടങ്ങിയവ ഏറെ ശ്രദ്ധ നേടി.

വിവാഹത്തിനു ശേഷം ഡൽഹി ആകാശവാണിയിൽ വാർത്താ അവതാരകയായി. ഒട്ടേറെ നാടകങ്ങളിൽ വേഷമിട്ടു. കുറച്ചുകാലം ചെന്നൈയിലും യുഎസിലും അധ്യാപികയുമായി. 1986ൽ പഞ്ചാഗ്നിയിൽ ഗീതയുടെ അമ്മവേഷത്തോടെ സിനിമയിലേക്ക്. പിറവി, പൊന്തൻമാട, വാസ്‌തുഹാര, സാക്ഷ്യം, കളിയൂഞ്ഞാൽ, ഉദ്യാനപാലകൻ, തൂവൽകൊട്ടാരം, വിസ്‌മയത്തുമ്പത്ത്, അനന്തഭദ്രം, കന്നത്തിൽ മുത്തമിട്ടാൽ (തമിഴ്), സംസ്കാര (കന്നഡ) തുടങ്ങിയവയാണു പ്രധാന ചിത്രങ്ങൾ. ‘കേശു’വാണ് (2010) അവസാന ചിത്രം. സീരിയലുകളിലും അഭിനയിച്ചു.

മക്കൾ: സന്ധ്യ, അരുൺ (ഇരുവരും യുഎസ്). മരുമക്കൾ: പോൾ വിൽസൻ, ആമി തക്കർ. എംടിയുടെ ‘ഒരു ചെറുപുഞ്ചിരി’ എന്ന സിനിമയിലെ നായികയും സെൻസർ ബോർഡ് മുൻ അംഗവുമായ നിർമല ശ്രീനിവാസൻ സഹോദരിയാണ്.