ആയിരത്തിലേറെ വിധിന്യായങ്ങളെഴുതി ജസ്റ്റിസ് കുര്യൻ ജോസഫ്

ജസ്റ്റിസ് കുര്യൻ ജോസഫ്

ന്യൂഡൽഹി∙ സുപ്രീം കോടതിയിൽ ആയിരത്തിലേറെ വിധിന്യായങ്ങളെഴുതിയ ജഡ്ജിമാരുടെ ഗണത്തിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ഇടംപിടിച്ചു. 2013 മാർച്ചിൽ സുപ്രീം കോടതിയിലെത്തിയ ജസ്റ്റിസ് കുര്യൻ ജോസഫ് ഇതിനകം 1031 വിധിന്യായങ്ങളാണെഴുതിയത്. സുപ്രീം കോടതിയുടെ ചരിത്രത്തിൽ, ആയിരത്തിലേറെ വിധിന്യായങ്ങളെഴുതിയ മറ്റ് 9 ജഡ്ജിമാരാണുള്ളത്.

മുത്തലാഖ്, ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ, പട്ടിക വിഭാഗ സംവരണം തുടങ്ങിയ വിവാദ സ്വഭാവമുള്ള പല വിഷയങ്ങളിലും ശ്രദ്ധേയമായ വിധിന്യായങ്ങൾ ജസ്റ്റിസ് കുര്യൻ ജോസഫ് എഴുതി. ദാമ്പത്യ തർക്ക കേസുകളിൽ പലതിലും കക്ഷികളെ രമ്യതയിലാക്കുന്നതിനും, സമാധാനപരമായി വേർപിരിക്കുന്നതിനും, കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും മറ്റുമുള്ള വിധിന്യായങ്ങളുമുണ്ടായി. ഒരു ദാമ്പത്യ തർക്ക കേസ് പരിഹരിച്ചപ്പോൾ, നന്ദി പറഞ്ഞ് ദമ്പതികളുടെ കുഞ്ഞ് നൽകിയ വർണചിത്ര കാർഡ് ജസ്റ്റിസ് കുര്യൻ ജോസഫ് വിധിന്യായത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു.

2001–2009ൽ സുപ്രീം കോടതിയിലുണ്ടായിരുന്ന ജസ്റ്റിസ് അരിജിത് പസായത്താണ് ഏറ്റവും കൂടുതൽ വിധിന്യായങ്ങളെഴുതിയത്– 2692. ജഡ്ജിമാരായ കെ.രാമസ്വാമി, എസ്.ബി. സിൻഹ, ജെ.സി.ഷാ, ജി.ബി.പട്ടനായിക്, പി.ബി. ഗജേന്ദ്രഗദ്കർ, കെ.എൻ. വാഞ്ചു, പി.സദാശിവം, എം. ഹിദായത്തുല്ല എന്നിവരാണ് ആയിരത്തിലേറെ വിധിന്യായങ്ങളെഴുതിയ മറ്റുള്ളവർ. ഈ മാസം 29ന് ജസ്റ്റിസ് കുര്യൻ ജോസഫ് വിരമിക്കും.