താജ് വിവാന്ത പഞ്ചനക്ഷത്ര ഹോട്ടൽ ഇനി ലുലു ഗ്രൂപ്പിന് സ്വന്തം

തിരുവനന്തപുരം∙ തലസ്ഥാനത്തെ താജ് വിവാന്ത പഞ്ചനക്ഷത്ര ഹോട്ടൽ സമുച്ചയം എം.എ.യൂസഫലി ചെയർമാനായ ലുലു ഗ്രൂപ്പ് സ്വന്തമാക്കി. 200 കോടിയിലേറെ രൂപയുടേതാണ് ഇടപാട്. താജ് ഗ്രൂപ്പ് ഉടമകളായ ടാറ്റയുമായുള്ള കരാർ അവസാനിപ്പിച്ച് വൈകാതെ ഹോട്ടലിന്റെ അറ്റകുറ്റപ്പണി ആരംഭിക്കും. ഇതു പൂർത്തിയാക്കി അടുത്ത വർഷം യുഎസ് സംരംഭകരായ ഹയാത്ത് ഹോട്ടൽസ് കോർപറേഷനു നടത്തിപ്പു ചുമതല കൈമാറാനാണു തീരുമാനം. 2008ൽ ചെന്നൈ ആസ്ഥാനമായ ദോദ്‌ല ഇന്റർനാഷനൽ നിർമിച്ച 137 മുറികളുള്ള കെട്ടിടം ടാറ്റ ഗ്രൂപ്പിനു കരാർ നൽകുകയായിരുന്നു. ഇൗ കരാർ അവസാനിച്ചതോടെയാണു ദോദ്‌ല ഗ്രൂപ്പിൽനിന്നു യൂസഫലി തൈക്കാട് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് എതിർവശത്തെ ഏഴുനിലക്കെട്ടിടം സ്വന്തമാക്കിയത്.

തലസ്ഥാന നഗരത്തിലെ ഏറ്റവും വലിയ രണ്ടു പദ്ധതികളുടെ ഉടമയാകുകയാണ് ഇതോടെ ലുലു ഗ്രൂപ്പ്. ദ്രുതഗതിയിൽ നിർമാണം പുരോഗമിക്കുന്ന ആക്കുളത്തെ ഷോപ്പിങ് മാളിന്റെ നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. താജ് ഹോട്ടൽ സമുച്ചയം വാങ്ങിയതിനാൽ ആക്കുളത്തെ മാളിനോടു ചേർന്നു നിർമിക്കാൻ തീരുമാനിച്ചിരുന്ന ഹോട്ടലിന്റെ പ്രവൃത്തികൾ മന്ദഗതിയിലാക്കും.