കെ. സുരേന്ദ്രനും 71 പേർക്കും ജാമ്യം; റാന്നി താലൂക്കിൽ 2 മാസം പ്രവേശിക്കരുത്

കെ. സുരേന്ദ്രൻ

പത്തനംതിട്ട ∙ നിലയ്ക്കലിൽ നിന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനും മറ്റു 2 പേർക്കും സന്നിധാനത്ത് വിരിപ്പന്തലിൽ ഒത്തുകൂടി ശരണം വിളിച്ചതുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന 69 പേർക്കും മുൻസിഫ് കോടതി ജാമ്യം അനുവദിച്ചു. 20,000 രൂപയുടെ 2 ആൾ ജാമ്യത്തിലും റാന്നി താലൂക്കിൽ 2 മാസം പ്രവേശിക്കാൻ പാടില്ലെന്നും മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള വ്യവസ്ഥയിലുമാണ് ജാമ്യം.

ജാമ്യം അനുവദിച്ചെങ്കിലും കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ മറ്റൊരു കേസിൽ അറസ്റ്റ് വാറന്റ് ഉള്ളതിനാൽ അവിടെ നിന്ന് ജാമ്യമെടുത്തെങ്കിൽ മാത്രമേ സുരേന്ദ്രന് പുറത്തിറങ്ങാനാവൂ. കണ്ണൂരിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉ്ദഘാടനം ചെയ്ത് പ്രസംഗത്തിനിടെ പൊലിസുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് വാറന്റുള്ളത്. സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ വാദം കോടതി തള്ളി. ഇൗ മണ്ഡലകാലത്ത് ശബരിമലയിലെത്തുന്നത് വിലക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം അംഗീകരിച്ചാണ് ശബരിമല ഉൾപ്പെടുന്ന റാന്നി താലൂക്കിൽ 2 മാസത്തേക്കു പ്രവേശിക്കാൻ പാടില്ലെന്ന് കോടതി നിർദേശിച്ചത്.

ശബരിമലയിൽ പോകാൻ കഴിയില്ലെന്നതിനാൽ സുരേന്ദ്രന്റെ ഇരുമുടിക്കെട്ട് പന്തളം കൊട്ടാരത്തിൽ സമർപ്പിക്കുമെന്നാണ് ബിജെപി തീരുമാനം. 17ന് അറസ്റ്റിലായ സുരേന്ദ്രൻ ഇപ്പോൾ കൊട്ടാരക്കര സബ് ജയിലിലാണ്. സുരേന്ദ്രനൊപ്പം അറസ്റ്റിലായ ഒബിസി മോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ് രാജൻ തറയിൽ, കർഷക മോർച്ച പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം എം. എസ്. സന്തോഷ് എന്നിവർക്കും ജാമ്യം ലഭിച്ചു.