എം.ഐ. ഷാനവാസിന് നാടിന്റെ യാത്രാമൊഴി

അന്തരിച്ച കെപിസിസി വർക്കിങ് പ്രസിഡന്റ് എം.ഐ. ഷാനവാസിന് കൊച്ചി എസ്ആർഎം റോഡിലെ തോട്ടത്തുംപടി ജുമാ മസ്ജിദിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു.

കൊച്ചി ∙ പതിറ്റാണ്ടുകളോളം കോൺഗ്രസ് രാഷ്ട്രീയത്തിന്റെ മുൻനിരയിൽ സജീവമായിരുന്ന എം.ഐ.ഷാനവാസിനു വിട. അദ്ദേഹത്തിന്റെ ഭൗതിക ശരീരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കലൂർ തോട്ടത്തുംപടി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. മയ്യത്ത് നമസ്‌കാരത്തിനു പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.

ഷാനവാസിന്റെ രാഷ്ട്രീയ, വ്യക്തിജീവിതങ്ങളിൽ സവിശേഷ ഇടമുണ്ടായിരുന്ന എറണാകുളത്തു തന്നെയായി അദ്ദേഹത്തിന്റെ അന്ത്യവിശ്രമവും. ഇന്നലെ രാവിലെയും അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ എറണാകുളം നോർത്തിലെ വസതിയിലേക്കു ജനക്കൂട്ടമെത്തി. 10നു മൃതദേഹം കബർസ്ഥാനിലേക്കു കൊണ്ടുപോയി. മതപരമായ ചടങ്ങുകൾക്കു ശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.

കോൺഗ്രസ് നേതൃത്വം ഒന്നാകെ ഷാനവാസിനു വിട നൽകാൻ എത്തി. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മൻ ചാണ്ടി, കെ.സി വേണുഗോപാൽ, പ്രവർത്തക സമിതി അംഗം പി.സി ചാക്കോ, എം.എം ഹസൻ, കെ.സുധാകരൻ, എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, കെ.വി. തോമസ്, ശശി തരൂർ, ആന്റോ ആന്റണി, യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ, മേയർ സൗമിനി ജെയിൻ, ആര്യാടൻ മുഹമ്മദ്, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, എംഎൽഎമാരായ വി.ഡി സതീശൻ, കെ.സി ജോസഫ്, വി.പി.സജീന്ദ്രൻ, ടി.എ അഹമ്മദ് കബീർ, അൻവർ സാദത്ത്, റോജി എം. ജോൺ, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ ബഷീർ, അനൂപ് ജേക്കബ്, താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ജോസഫ് വാഴക്കൻ, പി.സി വിഷ്ണുനാഥ്, രാജ് മോഹൻ ഉണ്ണിത്താൻ, എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ, ഡിസിസി പ്രസിഡന്റ് ടി.ജെ വിനോദ്, കെ.ബാബു, ഡൊമിനിക് പ്രസന്റേഷൻ, സിപിഐ നേതാക്കളായ സത്യൻ മൊകേരി, പി. രാജു തുടങ്ങിയവർ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തു.