Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തന്ത്രങ്ങൾ മെനഞ്ഞു, തിരുത്തൽവാദിയായി

Congress leaders രമേശ് ചെന്നിത്തല, ജി. കാർത്തികേയൻ എന്നിവർക്കൊപ്പം എം.ഐ. ഷാനവാസ്. പഴയകാല ചിത്രം.

എം.ഐ. ഷാനവാസ് എന്ന പേരിന് ഒരു ചെറുപ്പമുണ്ട്. എതിരാളികളെ അമ്പരപ്പിക്കുന്ന നാടകീയ കരുനീക്കങ്ങളുടെ ഉസ്താദ് അക്കാര്യത്തിൽ എന്നും ചെറുപ്പമായിരുന്നു. മുന്നിൽ നയിക്കുന്ന നേതാവിനെയും പിന്നണിയിലിരുന്നു നയിക്കുന്നതിൽ ഇത്ര വൈഭവം കാട്ടിയ തന്ത്രശാലി കോൺഗ്രസ് രാഷ്ട്രീയത്തിലുണ്ടാകില്ല.

ആലപ്പുഴയിൽ ജനിച്ച്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ചെയർമാനായി ശ്രദ്ധ നേടി, ശേഷം തിരുവനന്തപുരവും എറണാകുളവും തട്ടകങ്ങളാക്കിയ നേതാവ് ഒടുവിൽ എംപിയായതു വയനാട്ടിൽ. ആ വൈവിധ്യം ഷാനവാസ് കോൺഗ്രസ് രാഷ്ട്രീയത്തിലും പുലർത്തി. കെ. കരുണാകരന്റെ പ്രിയശിഷ്യൻ ‘തിരുത്തൽവാദ’ത്തിനു ബീജാവാപമിട്ട് അദ്ദേഹത്തിന് ഉറക്കമില്ലാ ദിനങ്ങൾ സമ്മാനിച്ചു. ശേഷം ഒരേസമയം എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പ്രിയപ്പെട്ടവനാകുന്ന മെയ്‌വഴക്കം കാട്ടി.

കോൺഗ്രസിലെ ജനകീയരായ നേതാക്കന്മാരുടെ പട്ടികയിലാകില്ല ഷാനവാസിന്റെ ഇടം. പക്ഷേ, അതേ ഷാനവാസ് 2009 ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ 1.52 ലക്ഷം വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷം തൊട്ടു. അതുവഴി നിയമസഭയിലേക്കു മൂന്നും, ലോക്സഭയിലേക്ക് രണ്ടും തോൽവികളുടെ കളങ്കം മായ്ച്ചു. പലപ്പോഴും നിസ്സാര വോട്ടിനാണെങ്കിലും 5 വട്ടം തോറ്റിട്ടും പിൻവാങ്ങാഞ്ഞ നിശ്ചയദാർഢ്യം കൂടിയാണ് അവിടെ കണ്ടത്. ‘കോൺഗ്രസ് രാഷ്ട്രീയത്തിൽ എന്നെത്തന്നെ നിലനിർത്തുന്നതിനുവേണ്ടിയുള്ള പദ്ധതിയാണു വയനാടു വഴി നടപ്പാക്കിയത്’ – ആദ്യം പട്ടികയില്ലാതിരുന്ന ഷാനവാസ് ഏറ്റവും ഉറപ്പുള്ള സീറ്റോടെ തിരിച്ചുവന്നതിനെക്കുറിച്ചു പിന്നീട് ഓർമിച്ചു.

ഉന്നതനേതാക്കൾക്കു ഷാനവാസ് എന്നാൽ അണിയറയിലെ അതിപ്രഗത്ഭനായ പോരാളിയായിരുന്നു. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള 1991 ലെ വിഖ്യാതമായ പോരാട്ടത്തിൽ ആന്റണിക്കെതിരെ വയലാർ രവിയെ തുറുപ്പുചീട്ടായിറക്കിയ ശേഷം കരുണാകരൻ എല്ലാം വിശ്വസിച്ചേൽപ്പിച്ചതു ഷാനവാസിനെയാണ്. എന്നിട്ടും ‘87 ൽ തോറ്റ വടക്കേക്കരയിൽ തന്നെ ‘91 ലെ തിരഞ്ഞെടുപ്പിലും ഒരുകൈ നോക്കാൻ പറഞ്ഞതോടെ കരുണാകര ബന്ധത്തിൽ വിള്ളൽ വീണു. വൈകാതെ ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നീ ത്രിമൂർത്തികളുടെ കൊട്ടാരവിപ്ലവത്തിൽ കോൺഗ്രസ് രാഷ്ട്രീയം കുലുങ്ങി. ഒരുമിച്ചുള്ള ആ നീക്കങ്ങൾക്കു മൂർച്ചയും തീർച്ചയും നൽകുന്നതിൽ ഷാനവാസിനുണ്ടായിരുന്ന പങ്ക് അസാമാന്യമായിരുന്നുവെന്നു ചെന്നിത്തല ഓർമിക്കുന്നു.

തിരുത്തൽവാദം അകാലത്തിൽ പൊലിഞ്ഞുവെങ്കിലും ശക്തമായ കരുണാകരവിരുദ്ധ ചേരി അതുവഴി ഉടലെടുത്തു. എ ഗ്രൂപ്പ് അതിന്റെ ഗുണഫലങ്ങൾ പ്രയോജനപ്പെടുത്തിയപ്പോഴും ഷാനവാസ് ഗ്രൂപ്പിന്റെ ഭാഗമായില്ല. ഒടുവിൽ പേരിനു വിശാല ഐയിലായിരുന്നു അദ്ദേഹം; അപ്പോഴും ആന്റണിയുടെ മനഃസാക്ഷിയും. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയങ്ങൾ കൊണ്ടുകൂടിയാകാം, കാൽനൂറ്റാണ്ടോളം കെപിസിസി ഭാരവാഹിയായിരുന്നിട്ടുണ്ട് ഷാനവാസ്. ഇടവേളയ്ക്കുശേഷം വർക്കിങ് പ്രസിഡന്റായതോടെ ‘ഇന്ദിരാഭവനിലെ’ തന്റെ പഴയമുറി തിരിച്ചുകിട്ടിയതിൽ വലിയ ആഹ്ലാദത്തിലും. ഒരു മാസത്തോളം മുമ്പ് അവിടെയെത്തി മടങ്ങുമ്പോൾ ഇങ്ങനെ ശട്ടംകെട്ടി: ‘എന്റെ മുറി നന്നായി വെടിപ്പാക്കണം, എത്ര ചെലവായാലും ഞാൻ തന്നെ വഹിച്ചോളാം’. ആ മടക്കയാത്ര ഇനിയില്ല.