വയൽക്കിളികൾ പിന്നോട്ടില്ല; 30ന് കീഴാറ്റൂർപാടം ‘പിടിച്ചെടുക്കും’

തളിപ്പറമ്പ്∙ ദേശീയപാത ബൈപാസ് നിർമാണത്തിനു കീഴാറ്റൂർ വയൽ ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ വയൽക്കിളി സമരസമിതിയുടെ നേതൃത്വത്തിൽ ഡിസംബർ 30നു കീഴാറ്റൂർ വയൽ പിടിച്ചെടുക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന പരിസ്ഥിതി– പ്രതിരോധ പ്രവർത്തകരുടെ പിന്തുണയോടെയാണു ‘പരിസ്ഥിതി കേരള’ത്തിന്റെ പേരിൽ സമരം നടത്തുക.

റോഡിനായി വയൽ ഏറ്റെടുത്തു കൊണ്ടുള്ള ത്രിജി വിജ്ഞാപനം വന്ന സാഹചര്യത്തിലാണു വയൽക്കിളികളുടെയും സമര ഐക്യദാർഢ്യ സമിതിയുടെയും സംയുക്ത യോഗം വയൽ സംരക്ഷണ സമരം ശക്തമായി തുടരാൻ തീരുമാനിച്ചത്. മേധാ പട്ക്കർ, സ്വാമി അഗ്നിവേശ് തുടങ്ങിയവരെ സമരത്തിൽ പങ്കെടുപ്പിക്കാൻ നീക്കമുണ്ട്. അതിനൊപ്പം നിയമ നടപടികൾക്കായി കോടതിയെയും സമീപിക്കും

ജില്ലയിലെ പ്രമുഖ പരിസ്ഥിതി സംഘടനകളുടെ യോഗം ഡിസംബർ 9നു തളിപ്പറമ്പിൽ ചേരും. സംസ്ഥാനതലത്തിലുള്ള പരിസ്ഥിതി സംഘടനകൾ അണിനിരന്നു നേരത്തേ, ‘കേരളം കീഴാറ്റൂരിലേക്ക്’ എന്ന പേരിൽ മാർച്ച് സംഘടിപ്പിച്ചിരുന്നു.

സിപിഎം വഞ്ചിച്ചു, ബിജെപിയും: രമേശ് ചെന്നിത്തല

തിരുവനന്തപുരം∙ കീഴാറ്റൂരിലെ വയൽക്കിളികളെ സിപിഎമ്മും ബിജെപിയും ഒരു പോലെ വഞ്ചിച്ചിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അലൈൻമെന്റ് മാറ്റാതെ കീഴാറ്റൂർ വയൽ മുഴുവൻ ദേശീയ പാത വികസനത്തിന് ഏറ്റെടുത്തുള്ള ദേശീയപാതാ അതോറ്റിയുടെ വിജ്ഞാപനം പുറത്തുവന്നതോടെ വയൽക്കളികളോടൊപ്പമെന്ന ബിജെപി വാദം പൊള്ളയാണെന്നു തെളിഞ്ഞു.

സിപിഎം നേതൃത്വം മുമ്പെടുത്ത അതേ നിലപാടിൽ ഇപ്പോൾ  കേന്ദ്ര സർക്കാരും എത്തി. കീഴാറ്റൂർ ഐക്യദാർഢ്യ സമിതിക്കു യുഡിഎഫ് നൽകിയ പിന്തുണ തുടരുമെന്നു  ചെന്നിത്തല വ്യക്തമാക്കി.