വിദ്യാർഥിയെ കാറിന്റെ ഡിക്കിയിലിട്ട് തട്ടിക്കൊണ്ടുപോയി; ബന്ധുവും സംഘവും പിടിയിൽ

വിദ്യാർഥിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളായ പ്രേമദാസ്, ഹനീഫ, ചന്ദ്രശേഖർ, അവിനാഷ്, അലക്സാണ്ടർ ജോൺ‍ എന്നിവരെ തെളിവെടുപ്പിനായി മഞ്ഞനിക്കരയിലെ വീട്ടിൽ എത്തിച്ചപ്പോൾ മർദനത്തിൽ പരുക്കേറ്റ വല്യമ്മ ഓമന പ്രതികളെ തിരിച്ചറിയുന്നു. ചിത്രം: മനോരമ

പത്തനംതിട്ട ∙ പ്ലസ്ടു വിദ്യാർഥിയെ വീട്ടിൽനിന്നു പിടിച്ചിറക്കി കാറിന്റെ ഡിക്കിയിൽ കെട്ടിയിട്ട് തട്ടിക്കൊണ്ടുപോയ ബന്ധുവും നാലംഗ ക്വട്ടേഷൻ സംഘവും പിടിയിൽ. മഞ്ഞനിക്കരയിലെ വീട്ടിൽനിന്ന് വെള്ളിയാഴ്ച രാത്രി 9.45ന് ആണ് വിദ്യാർഥിയെ വീടുകയറി ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. ഇന്നലെ പുലർച്ചെ ഒരുമണിക്ക് പെരുമ്പാവൂരിലാണ് അക്രമിസംഘത്തെ പിടികൂടി, വിദ്യാർഥിയെ പൊലീസ് മോചിപ്പിച്ചത്. വിദ്യാർഥിയുടെ മാതൃസഹോദരീപുത്രൻ അവിനാശ് (24), കർണാടക ചിക്കമഗളൂരുവിൽ നിന്നുള്ള ക്വട്ടേഷൻ സംഘത്തിലെ പ്രേമദാസ് (31), ഹനീഫ (33), ചന്ദശേഖർ (22), അലക്സ് ജോൺ (35) എന്നിവരാണ് അറസ്റ്റിലായത്. അവിനാശിന്റെ പിതാവും സംഘത്തിൽ ഉണ്ടായിരുന്നെങ്കിലും കടന്നുകളഞ്ഞു.

മാതാപിതാക്കൾ ബിസിനസ് ആവശ്യത്തിന് ബെംഗളൂരുവിൽ പോയിരുന്നതിനാൽ വിദ്യാർഥിയും വല്യമ്മയും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. 

അവിനാശ് ഏറെക്കാലം മഞ്ഞനിക്കരയിലെ വീട്ടിൽ താമസിച്ചാണ് പഠിച്ചത്. കഴിഞ്ഞയാഴ്ച മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയിൽ എത്തി വിദ്യാർഥിയുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാനാകില്ലെന്ന് പറഞ്ഞതിനെത്തുടർന്നു വാക്കുതർക്കം ഉണ്ടായി. ഇതിന്റെ പക പോക്കലാണ് തട്ടിക്കൊണ്ടു പോകലെന്നു പറയുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.

രാത്രി വൈകി മഞ്ഞനിക്കരയിലെ വീട്ടിലെത്തിയ അവിനാശ്, വിദ്യാർഥിയോട് മാതാപിതാക്കളെയും സഹോദരനെയും അന്വേഷിച്ചു. ഇവർ സ്ഥലത്തില്ലെന്നറിഞ്ഞ് ക്ഷുഭിതനായി വിദ്യാർഥിയെ മർദിക്കുകയും ബലമായി കാറിൽ കയറ്റി കൊണ്ടുപോകുകയുമായിരുന്നു. ചോദ്യം ചെയ്യാനെത്തിയ വല്യമ്മയുടെ മാലയും പൊട്ടിച്ചു. ഗൃഹോപകരങ്ങൾക്കും കേടുവരുത്തി.

2 വാഹനങ്ങളിൽ കടന്ന സംഘത്തെ പെരുമ്പാവൂരിൽ രാത്രി ഒരുമണിക്ക് അറസ്റ്റ് ചെയ്തു. ഡിക്കിയിൽ കെട്ടിയിട്ട നിലയിൽ അർധബോധാവസ്ഥയിലായിരുന്നു കുട്ടിയെന്നും പൊലീസ് പറഞ്ഞു. മൂക്കിന് പൊട്ടലും ശരീരമാകെ മർദനമേറ്റ പാടുകളുമുണ്ട്.

അവിനാശ് ഏറെക്കാലം താമസിച്ചത് വിദ്യാർഥിയുടെ വീട്ടിൽ

വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ ബന്ധു അവിനാശ് ഏറെക്കാലം പഠിച്ചതും ജോലി ചെയ്തതും തട്ടിക്കൊണ്ടുപോകപ്പെട്ട വിദ്യാർഥിയുടെ മഞ്ഞനിക്കരയിലെ വീട്ടിൽനിന്ന്. കർണാടകയിൽ സ്ഥിരതാമസമായിരുന്ന അവിനാശ് എസ്എസ്എൽസിക്കു ശേഷമാണ് മഞ്ഞനിക്കരയിലെത്തിയത്.

പഠനശേഷം വിദ്യാർഥിയുടെ പിതാവ് അവിനാശിന് ഓട്ടോറിക്ഷ വാങ്ങി നൽകിയിരുന്നു. പിന്നീട് വിദേശത്ത് ജോലിക്കു പോകാനുള്ള സൗകര്യങ്ങളും ഒരുക്കി. എന്നാൽ വിദേശത്ത് പോകാനുള്ള അവസരം ഉറപ്പായതോടെ ഇവിടെ നിന്ന് അടൂർ ചായലോടുള്ള ബന്ധുവീട്ടിലേക്ക് താമസം മാറിയ അവിനാശ് പിന്നീട് മഞ്ഞനിക്കരയിലേക്ക് വന്നിരുന്നില്ല.

വർഷങ്ങൾക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മാതാപിതാക്കളോടൊപ്പം മഞ്ഞനിക്കരയിലെ വീട്ടിൽ എത്തിയത്. വിദ്യാർഥികളുടെ മാതാപിതാക്കളോട് 25 ലക്ഷം രൂപ അവിനാശ് ആവശ്യപ്പെട്ടു. പണം നൽകാൻ നിർവാഹമില്ലെന്ന് പറഞ്ഞതോടെ വാക്കുതർക്കവും ബഹളവുമായി. ഇതിന്റെ പക പോക്കലായാണ് വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു പിന്നിൽ ദുരൂഹത ആരോപിക്കുന്നവരുമുണ്ട്.

വിദ്യാർഥിയുടെ വീട് റോഡിൽ നിന്ന് 50 മീറ്ററോളം ഉള്ളിലായതിനാൽ പ്രതികൾ വന്ന കാറുകൾ റോഡിൽ തന്നെയാണ് നിർത്തിയിരുന്നത്. വിദ്യാർഥിയെ അവിടെ വരെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം ഉടുത്തിരുന്ന കൈലി ഉരിഞ്ഞ് കാലും കൈയ്യും കെട്ടി കാറിന്റെ ഡിക്കിയിൽ ഇട്ടാണ് കൊണ്ടുപോയത്.

പ്രതികളെ കുടുക്കിയത് പൊലീസിന്റെ ചടുലനീക്കം

ആക്രമണ വിവരം അറിഞ്ഞെത്തിയ പൊലീസിന്റെ പെട്ടെന്നുള്ള നീക്കമാണ് പ്രതികളെ പിടികൂടുന്നതിനു സഹായിച്ചു. വിദ്യാർഥിയുടെ വല്ല്യമ്മയുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. രാത്രി 11 മണിയോടെ പൊലീസ് സ്ഥലത്ത് എത്തുകയും എല്ലാ സ്റ്റേഷനുകളിലേക്കും വിവരം കൈമാറുകയും ചെയ്തു. ഇതേ തുടർന്നാണ് പുലർച്ചെ ഒന്നിന് പെരുമ്പാവൂരിൽനിന്ന് അക്രമി സംഘത്തെ പിടികൂടിയതും വിദ്യാർഥിയെ കണ്ടെത്തിയതും.

സംഘം സഞ്ചരിച്ചിരുന്ന കാറിൽ വാൾ, ഇടിക്കട്ട, സൈക്കിൾ ചെയിൻ എന്നിവ കണ്ടെത്തിയെന്ന് പെരുമ്പാവൂർ എസ്ഐ പി.എ.ഫൈസൽ പറഞ്ഞു. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യാനുണ്ടെന്നും ഇവർ കർണാടകയിൽ ക്വട്ടേഷൻ പ്രവർത്തനത്തിൽ പങ്കുള്ളവരാണോ എന്ന് കണ്ടെത്തുന്നതിനായി വിരലടയാളവും ഫോട്ടോയും കർണാടക പൊലീസിന് കൈമാറുമെന്നും പത്തനംതിട്ട സിഐ ജി. സുനിൽ കുമാർ പറഞ്ഞു.