സുരേന്ദ്രൻ റിമാൻഡിൽ കഴിയുന്നത് ശബരിമല കേസിൽ ജാമ്യം കിട്ടാത്തതിനാൽ: മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമല സന്നിധാനം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ലഭിക്കാത്തതിനാലാണു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ഇപ്പോഴും റിമാൻഡിൽ കഴിയുന്നതെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ. 

സുരേന്ദ്രനെ തുടർച്ചയായി ലോക്കപ്പിലാക്കിയതിൽ പ്രതിഷേധിച്ച് ഒ. രാജഗോപാൽ അവതരിപ്പിച്ച സബ്മിഷനു മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. 

സുരേന്ദ്രനെ കള്ളക്കേസ് ചുമത്തി പൊലീസ് പീഡിപ്പിച്ചുവെന്ന ആരോപണം വാസ്തവവിരുദ്ധമാണ്. അദ്ദേഹത്തിനെതിരെ ആകെ 15 കേസുള്ളതിൽ എട്ടെണ്ണം 2016 നു മുമ്പ് എടുത്തതാണ്. മൂന്നെണ്ണം അന്വേഷണ ഘട്ടത്തിലും മറ്റുള്ളവ വിചാരണയുടെ വിവിധ ഘട്ടങ്ങളിലുമാണ്– മുഖ്യമന്ത്രി അറിയിച്ചു.