രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തുടക്കം

തിരുവനന്തപുരം ∙ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്നു തിരി തെളിയും. വൈകിട്ട് ആറിനു നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ബംഗാളി സംവിധായകൻ ബുദ്ധദേവ്ദാസ് ഗുപ്തയാണു മുഖ്യാതിഥി. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം (അഞ്ചുലക്ഷം രൂപ) ഇറാനിയൻ സംവിധായകൻ മജീദ് മജീദിക്കു മുഖ്യമന്ത്രി സമ്മാനിക്കും. ഉദ്ഘാടന ചിത്രമായ എവരിബഡി നോസ് (ഇറാൻ) പ്രദർശിപ്പിക്കും. അസ്ഗർ ഫർഹാദിയാണ് ഈ ചിത്രത്തിന്റെ സംവിധായകൻ.

അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണു മേളയിൽ പ്രദർശിപ്പിക്കുക. പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാൻ പ്രചോദനമാകുന്ന ആറു ചിത്രങ്ങളടങ്ങിയ ദ് ഹ്യൂമൻ സ്പിരിറ്റ്: ഫിലിംസ് ഓൺ ഹോപ് ആൻഡ് റിബിൽഡിങ് ഉൾപ്പെടെ 11 വിഭാഗങ്ങളാണു മേളയിലുള്ളത്. മെൽ ഗിബ്സന്റെ അപ്പോകാലിപ്റ്റോ, ജയരാജിന്റെ വെള്ളപ്പൊക്കത്തിൽ, ഫിഷർ സ്റ്റീവൻസിന്റെ ബിഫോർ ദ് ഫ്ലഡ്, മണ്ടേല: ലോങ് വോക്ക് ടു ഫ്രീഡം തുടങ്ങിയ ചിത്രങ്ങളാണു ഹോപ് ആൻഡ് റീബിൽഡിങ് വിഭാഗത്തിൽ പ്രദർശിപ്പിക്കുക.

ആറു ഭൂഖണ്ഡങ്ങളിലെ 72 രാജ്യങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ മേളയിലുണ്ട്. ലോകസിനിമാ വിഭാഗത്തിൽ 92 ചിത്രങ്ങളാണു പ്രദർശിപ്പിക്കുക. അറബ് സംവിധായകൻ അഹ്മദ് ഫൗസി സാലെയുടെ ‘പോയ്സനസ് റോസസ് ’, ഉറുദു സംവിധായകൻ പ്രവീൺ മോർച്ചലയുടെ ‘വിഡോ ഓഫ് സൈലൻസ്’ എന്നിവയുൾപ്പടെ 14 മത്സരചിത്രങ്ങളാണുള്ളത്. ഈ.മ.യൗ, സുഡാനി ഫ്രം നൈജീരിയ എന്നീ മലയാളചിത്രങ്ങളും ഈ വിഭാഗത്തിലുണ്ട്. ലോകസിനിമയിലെ വിസ്മയ പ്രതിഭ ബർഗ്‌മാന്റെ ജന്മശതാബ്ദിയോടനുബന്ധിച്ചു സ്‌മൈൽസ് ഓഫ് എ സമ്മർ നൈറ്റ്, പെഴ്സോണ, സീൻസ് ഫ്രം എ മാര്യേജ് എന്നിവയുൾപ്പെടെ എട്ടു ചിത്രങ്ങൾ പ്രദർശിപ്പിക്കും.

'റിമെംബെറിങ് ദ് മാസ്റ്റർ' വിഭാഗത്തിൽ ചെക്ക് സംവിധായകനായ മിലോസ് ഫോർമാന്റെ ആറു ചിത്രങ്ങൾ ഉണ്ട്. ലെനിൻ രാജേന്ദ്രന്റെ ആറ് ചിത്രങ്ങൾ മേളയിൽ പ്രദർശിപ്പിക്കും. മായാനദി, ബിലാത്തിക്കുഴൽ, ഈട, കോട്ടയം, ആവേ മരിയ, പറവ, ഓത്ത് തുടങ്ങി 12 ചിത്രങ്ങളാണു ‘മലയാള സിനിമ ഇന്ന്’ വിഭാഗത്തിൽ ഉള്ളത്. നഗരത്തിലെ 13 തിയറ്ററുകളിലായാണു മേള നടക്കുക.