കണ്ണൂർ വിമാനത്താവളം ഉദ്‌ഘാടനം നാളെ

കണ്ണൂർ ∙ രാജ്യാന്തര വിമാനത്താവളം നാളെ നാടിനു സമർപ്പിക്കും. ആദ്യവിമാനം രാവിലെ 9.55നു മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു എന്നിവർ ചേർന്നു ഫ്ലാഗ് ഓഫ് ചെയ്യും. അതിനു ശേഷമാണ് ഉദ്ഘാടനസമ്മേളനം. അബുദാബിയിലേക്കുള്ള ആദ്യവിമാനത്തിലെ യാത്രക്കാരെ രാവിലെ 6നു വായന്തോട് മട്ടന്നൂർ സഹകരണ ബാങ്ക് പരിസരത്തു സ്വീകരിച്ച് ആറരയോടെ ടെർമിനൽ കെട്ടിടത്തിലേക്കു കൊണ്ടുപോകും. ബോർഡിങ് ഗേറ്റിൽ യാത്രക്കാർക്കു മന്ത്രിമാർ ഉപഹാരം നൽകും. 9.30നു ഡിപ്പാർച്ചർ ഹാളിൽ മുഖ്യമന്ത്രി, കേന്ദ്രമന്ത്രി, മറ്റു മന്ത്രിമാർ എന്നിവർ ചേർന്നു  നിലവിളക്കു കൊളുത്തി പാസഞ്ചർ ടെർമിനൽ ഉദ്ഘാടനം ചെയ്യും.

വിട്ടുനിൽക്കാൻ യുഡിഎഫ്

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയെയും വി.എസ്. അച്യുതാനന്ദനെയും ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചു കണ്ണൂർ വിമാനത്താവള ഉദ്ഘാടനച്ചടങ്ങിൽ നിന്നു യുഡിഎഫ് വിട്ടുനിൽക്കും. പക്ഷേ ഇതു ബഹിഷ്കരണമല്ലെന്നും യുഡിഎഫ് അനുഭാവികൾക്കു ചടങ്ങിൽ പങ്കെടുക്കുന്നതിനു വിലക്കില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇരുവരെയും ക്ഷണിക്കാത്തതു സർക്കാരിന്റെ അൽപത്തരമാണെന്നു രമേശ് കുറ്റപ്പെടുത്തി.

ഉദ്ഘാടനത്തിനില്ലെന്ന് കണ്ണന്താനം

ന്യൂഡൽഹി ∙ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടന ച‌ടങ്ങിൽ നിന്നു സംസ്ഥാന സർക്കാർ തന്നെ ഒഴിവാക്കാൻ  ശ്രമിച്ചുവെന്ന ആരോപണവുമായി കേന്ദ്രമന്ത്രി അൽഫോൻസ് ക‌ണ്ണന്താനം. വ്യോമയാന മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പിനു പിന്നാലെ ലഭിച്ച ക്ഷണം സ്വീകരിക്കുന്നില്ലെന്നും ആരെങ്കിലും നിർബന്ധിച്ചല്ല  ക്ഷണിക്കേണ്ടതെന്നും ‌വ്യക്തമാക്കി കണ്ണന്താനം കേ‌ന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനു കത്തെഴുതുകയും ചെയ്തു.