യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം പൂർത്തിയായി

കോഴിക്കോട്∙ സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് അംഗത്വ വിതരണം പൂർത്തിയായി. സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തിയ ക്യാംപെയിനിൽ മൊത്തം 6,36,544 സജീവ അംഗങ്ങളാണ് ഓൺലൈനായി റജിസ്റ്റർ ചെയ്തിരിക്കുന്നത്. മണ്ഡലം, അസംബ്ലി, ജില്ലാ, സംസ്ഥാന കമ്മിറ്റികളിലേക്ക് ഇവർക്ക് വോട്ടവകാശമുണ്ടാകും. 18 മുതൽ 35 വരെ പ്രായമുള്ളവർ 75 രൂപ അടച്ചാണ് അംഗത്വമെടുത്തത്.

ഓരോ സജീവ അംഗവും 4 പ്രാഥമിക അംഗങ്ങളെ വീതവും ചേർത്തിട്ടുണ്ട്. 98,910 പേർക്ക് സജീവ അംഗത്വം നൽകിയ എറണാകുളം ജില്ലയാണു മുന്നിൽ. തിരുവനന്തപുരത്ത് 78,101 പേരെയും തൃശൂരിൽ 66,368 പേരെയും ചേർത്തു. ഏറ്റവും കുറവ് കാസർകോട്ടാണ് 10,140 സജീവ അംഗങ്ങൾ. യൂത്ത് കോൺഗ്രസ് ഇലക്‌ഷൻ കമ്മിഷന്റെ നേതൃത്വത്തിലായിരുന്നു അംഗത്വവിതരണം.

ജനുവരിയിൽ തിരഞ്ഞെടുപ്പ് നടക്കാനാണു സാധ്യത. പാർലമെന്റ് മണ്ഡലം കമ്മിറ്റി മാറി ജില്ലാ കമ്മിറ്റി സംവിധാനം തിരികെക്കൊണ്ടുവരുന്നതാണ് ഇത്തവണത്തെ പ്രത്യേകത. ഐ വിഭാഗത്തിന്റെ പ്രസിഡന്റ് സ്ഥാനാർഥി കെ.എസ്.ശബരീനാഥനും എ ഗ്രൂപ്പിന്റേത് ഷാഫി പറമ്പിലുമാണ്.