ബാർ കോഴ: വിഎസ് സുപ്രീംകോടതിയിൽ

വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം∙ ബാർ കോഴക്കേസുമായി ബന്ധപ്പെട്ടു തുടരന്വേഷണത്തിനു സർക്കാരിൽനിന്നു മുൻകൂർ അനുമതി തേടണമെന്ന വിജിലൻസ് കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ വിഎസ് അച്യുതാനന്ദൻ സുപ്രീംകോടതിയെ സമീപിച്ചു. ബാർകോഴക്കേസ് ആരംഭിച്ചതിനു ശേഷമാണ് അഴിമതി നിരോധന നിയമത്തിൽ വെള്ളം ചേർത്ത് കേന്ദ്ര സർക്കാർ നിയമഭേദഗതി വരുത്തിയതെന്നാണ് അച്യുതാനന്ദന്റെ പരാതി.

വിഎസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണവും അതേത്തുടർന്നുണ്ടായ റിപ്പോർട്ടുമാണു വിജിലൻസ് കോടതി പരിഗണിച്ചത്. അതിനാൽ ഈ കേസിൽ താൻ മുൻകൂർ അനുമതി തേടേണ്ടതില്ലെന്നും അനുമതി തേടേണ്ടത് അന്വേഷണ ഏജൻസിയാണെന്നും കാണിച്ചു വിഎസ് ഹൈക്കോടതിയെയും സമീപിച്ചു.

ഇനിയൊരു പൊതുപ്രവർത്തകന്റെയും അഴിമതി അന്വേഷിക്കപ്പെടാതിരിക്കത്തക്കവിധം ഗുരുതരമാണ് സെക്‌ഷൻ 17A ഭേദഗതിയെന്നും അതിനാൽ റദ്ദാക്കണമെന്നുമാണ് വാദം. ഈ വകുപ്പ് റദ്ദാക്കണമെന്നു കാണിച്ച് സീനിയർ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഉൾപ്പെടെ അഭിഭാഷകർ സുപ്രീംകോടതിയിൽ ഹർജി നൽകിയ സാഹചര്യത്തിൽ വിഎസ് നൽകിയിരിക്കുന്നത് അതിൽ കക്ഷിചേരാനുള്ള അപേക്ഷയാണ്.