ബാർ കോഴ: വിജിലൻസ് നിലപാട് ഹൈക്കോടതിയെ അറിയിക്കും

തിരുവനന്തപുരം ∙ ബാർ കോഴ കേസിൽ വിജിലൻസ് നിലപാട് ഹൈക്കോടതിയെ അറിയിക്കും. വ്യാഴാഴ്ച കേസ് ഹൈക്കോടതിയുടെ പരിഗണനയ്ക്കു വരികയാണെന്നും അന്നു സർക്കാർ അനുമതിയെക്കുറിച്ചുള്ള വിവരം അറിയിക്കുമെന്നും വിജിലൻസിന്റെ നിയമോപദേശകൻ പ്രത്യേക കോടതിയിൽ അറിയിച്ചു. ഇതേ തുടർന്നു കേസ് പരിഗണിക്കുന്നതു വിജിലൻസ് പ്രത്യേക കോടതി മാർച്ച് 15 ലേക്കു മാറ്റി.

കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ വിജിലൻസ് സർക്കാർ അനുമതി നേടിയിരുന്നില്ല.  ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി വിജിലൻസിനോടു നിർദേശിച്ചു. മുൻ മന്ത്രി കെ.എം.മാണിക്കെതിരെ സമർപ്പിച്ച ക്ലീൻ ചിറ്റ് റിപ്പോർട്ട് വിജിലൻസ് കോടതി നേരത്തെ നിരസിച്ചിരുന്നു. വിജിലൻസ് സമർപ്പിച്ച മൂന്നാം തുടരന്വേഷണ റിപ്പോർട്ടാണു നിരസിച്ചത്. മൂന്നു റിപ്പോർട്ടുകളിലും കെ.എം. മാണിക്ക് എതിരായി യാതൊരു തെളിവും ശേഖരിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു വിജിലൻസിന്റെ നിലപാട്. പൂട്ടിയ 418 ബാറുകൾ തുറക്കാൻ അഞ്ചുകോടി ആവശ്യപ്പെട്ടെന്നായിരുന്നു ബാറുടമ ബിജു രമേശിന്റെ ആരോപണം.