‘വലിയ’ തിരഞ്ഞെടുപ്പിനു മുൻഗണന; യൂത്ത് കോൺഗ്രസ് ഇലക്‌ഷൻ നടപടിക്രമങ്ങളെല്ലാം മാറ്റി

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിന്റെ തുടർനടപടികളെല്ലാം നീട്ടിവയ്ക്കാനുള്ള സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദം ഫലിച്ചു. നേരത്തെ തിരഞ്ഞെടുപ്പു നീട്ടിവയ്ക്കാമെന്നു സമ്മതിച്ച കേന്ദ്ര നേതൃത്വം ഒടുവിൽ പത്രിക സമർപ്പണ പ്രക്രിയയും ഉപേക്ഷിച്ചു. എല്ലാം ഇനി ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മാത്രം.

മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മൂന്നു നേതാക്കളും തിരഞ്ഞെടുപ്പു നടപടിക്രമങ്ങളെല്ലാം മാറ്റിവയ്ക്കണമെന്നു ഹൈക്കമാൻഡിനോടും യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വത്തോടും ആവശ്യപ്പെട്ടിരുന്നു. ‘‘സംസ്ഥാന നേതൃത്വത്തിന്റെ സമ്മർദം കൊണ്ടല്ല ഈ തീരുമാനം. ലോക്സഭാ തിരഞ്ഞെടുപ്പിനെ ബാധിക്കുന്ന തരത്തിലേക്കു കാര്യങ്ങൾ പോകരുതെന്നതു പൊതു വികാരമാണ്’’– കേരളത്തിന്റെ ചുമതലയുള്ള യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി രവീന്ദ്രദാസ് ‘മനോരമ’യോടു പറഞ്ഞു.

ഇന്നു മുതൽ ബുധനാഴ്ച വരെയാണു പത്രിക സമർപ്പണത്തിനായി നിശ്ചയിച്ചിരുന്നത്. ഓൺലൈൻ അംഗത്വ വിതരണം ഡിസംബർ ആറിന് അവസാനിച്ചു. വാശിക്ക് ആളെ ചേർത്തു തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടാനുള്ള എ, ഐ മത്സരം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തയാറെടുപ്പിനെത്തന്നെ ബാധിക്കുമെന്നു കണ്ടാണ് ആദ്യം ഇലക്‌ഷൻ നീട്ടിവയ്ക്കാൻ കേന്ദ്ര നേതൃത്വം സമ്മതിച്ചത്. അപ്പോഴും പത്രികാ സമർപ്പണ ഷെഡ്യൂളിൽ മാറ്റം വരുത്തിയില്ല. ഇരുവിഭാഗവും യോജിച്ച് അതും മാറ്റിവയ്ക്കാൻ നേതൃത്വത്തോട് ആവശ്യപ്പെടുകയായിരുന്നു.