എടിഎം കൗണ്ടർ തകർക്കാൻ ശ്രമം: മൂന്നു പേർ പിടിയിൽ

പ്രതികളിൽ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും മുഖംമൂടിയും.

തൊടുപുഴ ∙  സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പീരുമേട്ടിലെ എടിഎം കൗണ്ടർ തകർത്ത് പണം മോഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ 3 പേർ പിടിയിൽ. നവംബർ 8ന് പുലർച്ചെ നടന്ന കവർച്ചാ ശ്രമത്തിലെ പ്രതികളായ കോട്ടയം ചെങ്ങളം വഴുവേലിൽ അക്ഷയ് കിഷോർ(ഉണ്ണി–19),  കോട്ടയം സ്വദേശികളും പ്രായപൂർത്തിയാകാത്തവരുമായ 2 പേരുമാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഇവരിൽ നിന്ന് ഡ്രില്ലിങ് മെഷീൻ, കട്ടിങ് മെഷീൻ, മറ്റ്  ഉപകരണങ്ങൾ, മുഖംമൂടി മുതലായവ പിടിച്ചെടുത്തതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാൽ പറഞ്ഞു.

അക്ഷയ് കിഷോർ

ഇവർ തമിഴ്നാട്ടിലെ കമ്പം, തേനി തുടങ്ങിയ സ്ഥലങ്ങളിൽ പോയി കഞ്ചാവ്  വാങ്ങി കോട്ടയം, കുമരകം തുടങ്ങിയ സ്ഥലങ്ങളിലെത്തിച്ച് വിൽപ്പന നടത്തുന്നവരാണെന്നു പൊലീസ് പറഞ്ഞു. നവംബർ  7ന് വൈകിട്ട് തേനിയിൽ നിന്നും ഇരു ചക്ര വാഹനത്തിൽ പുറപ്പെട്ട സംഘം വരുന്ന വഴി കുമളി, കുട്ടിക്കാനം, പീരുമേട് എന്നിവിടങ്ങളിൽ എടിഎം തകർക്കാൻ ശ്രമം നടത്തി. പീരുമേട്ടിൽ  എടിഎം കേബിൾ വലിച്ച് പറിക്കാൻ ശ്രമം നടത്തിയതോടെ അലാം മുഴങ്ങി. ഇതോടെ സ്ഥലം വിട്ടു. പോകുന്ന വഴി മുണ്ടക്കയത്തും എടിഎം തകർക്കാൻ ശ്രമം നടത്തി. തമിഴ്നാട്ടിലെ എടിഎമ്മുകളിൽ മോഷണത്തിന് ശ്രമിച്ചെങ്കിലും എല്ലായിടത്തും സെക്യൂരിറ്റി ജീവനക്കാർ ഉള്ളതിനാൽ ശ്രമം വിജയിച്ചില്ല.

പ്രതികളിൽ ഒരാൾ മുഖംമൂടിയും ഓവർകോട്ടും ധരിച്ച് നിൽക്കുന്നതിന്റെ ചിത്രം. സിസിടിവിയിൽ പതിഞ്ഞത്.

കുമരകത്തെ കടയിൽ നിന്നും വാടകക്കെടുത്ത ഉപകരണങ്ങളാണ് മോഷണത്തിനായി വാഹനത്തിൽ കൊണ്ടു നടന്നിരുന്നത്. ഇവയും പൊലീസ് പിടിച്ചെടുത്തു. പീരുമേട്ടിലെ എടിഎം കൗണ്ടറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ്  അന്വേഷണ സംഘം പ്രതികളെ കുടുക്കിയത്.  മുഖംമൂടിയും ഓവർകോട്ടും ധരിച്ചാണ് പ്രതികൾ എടിഎമ്മിൽ കയറിയത്. തമിഴ്നാട് മുതൽ കോട്ടയം വരെയുള്ള നൂറോളം സിസിടിവികളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ കണ്ടെത്തിയതെന്ന് എസ്പി പറഞ്ഞു.