യുഡിഎഫ് എംഎൽഎമാരുടെ സമരം അവസാനിപ്പിച്ചു

ശബരിമല വിഷയത്തിൽ നിയമസഭയിൽ സത്യഗ്രഹമനുഷ്ഠിച്ച പ്രതിപക്ഷ എംഎൽഎമാരായ വി.എസ്.ശിവകുമാർ, പാറയ്ക്കൽ അബ്ദുല്ല, എൻ. ജയരാജ് എന്നിവരെ തിരുവനന്തപുരത്തു നൽകിയ സ്വീകരണച്ചടങ്ങിലേക്കു ചുമലിലേറ്റിക്കൊണ്ടു വരുന്ന പ്രവർത്തകർ.

തിരുവനന്തപുരം∙ ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കണമെന്നാവശ്യപ്പെട്ടു യുഡിഎഫിന്റെ എംഎൽഎമാരായ വി.എസ് ശിവകുമാർ, പാറയ്ക്കൽ അബ്ദുള്ള, എൻ.ജയരാജ് എന്നിവർ നിയമസഭ കവാടത്തിൽ 11 ദിവസമായി നടത്തിവന്ന സമരം സഭ അനിശ്ചിതകാലത്തേക്കു പിരിഞ്ഞതിനാൽ അവസാനിപ്പിച്ചു. സത്യഗ്രഹമിരുന്ന എംഎൽഎമാർ സഭയ്ക്കു മുന്നിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയാണു സമരം അവസാനിപ്പിച്ചത്.

ഇന്നലെ നടന്ന യുഡിഎഫ് അടിയന്തര യോഗത്തിലെ തീരുമാന പ്രകാരം 17നു സെക്രട്ടേറിയറ്റ് നടയിലും 13 ജില്ലാ കേന്ദ്രങ്ങളിലും സത്യഗ്രഹം നടത്തും. വനിതാ മതിലിന്റെ പൊള്ളത്തരം തുറന്നു കാട്ടുന്നതിനു വിവിധ യുഡിഎഫ് വനിതാ സംഘടനകളുടെ നേതൃത്വത്തിൽ വിശദീകരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. പതിനഞ്ചോളം സത്യഗ്രഹങ്ങൾ പലപ്പോഴായി സഭാകവാടത്തിൽ‌ നടന്നപ്പോഴും ഒന്നു രണ്ടു ദിവസങ്ങളിൽ ചർച്ച നടത്തി ഒത്തുതീർപ്പാക്കിയ ചരിത്രമാണുള്ളത്. ഒരു സർക്കാരും സ്വീകരിക്കാത്ത സമീപനമാണു പിണറായി സർക്കാർ സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.