വർഗീയവാദികളുടേത് വർഗീയമതിൽ തന്നെ: കെഎസ്‌യു

തിരുവനനന്തപുരം∙വർഗീയവാദികൾ നേതൃത്വം നൽകുന്ന മതിൽ വർഗീയമതിൽ തന്നെയാണെന്ന് കെഎസ്‌യു സംസ്ഥാനപ്രസിഡന്റ് കെ.എം.അഭിജിത്. നവോത്ഥാന മുന്നേറ്റത്തിന് ഒന്നും ചെയ്യാത്തവരാണ് നവോത്ഥാന മതിൽ കെട്ടുന്നത്. എന്തു നവോത്ഥാനമാണ് മതിലുകൊണ്ട് ഉദേശിക്കുന്നതെന്നു സർക്കാരിന് ഇപ്പോഴും സമൂഹത്തെ ബോധ്യപ്പെടുത്താൻ സാധിച്ചിട്ടില്ല. ജനങ്ങളെ വിഡ്ഢികളാക്കുന്ന മതിലിൽ നിന്നു പിന്മാറണമെന്നും അഭിജിത്ത് പറഞ്ഞു.

18 വയസ്സിനു താഴെയുള്ളവരെ മതിലിൽ പങ്കെടുപ്പിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ കെഎസ്‌യു സ്വാഗതം ചെയ്യുന്നു. വിദ്യാർഥികളിൽ വർഗീയ വിഷം കുത്തിവയ്ക്കാൻ ശ്രമിച്ച സർക്കാരിനേറ്റ കനത്ത തിരിച്ചടിയാണു കോടതി വിധി. വിദ്യാർഥികളെ ബോധവൽക്കരിക്കാൻ 31ന് വർഗീയ മതിലിനെതിരെ ലഘുലേഖവിതരണവും പ്രചാരണ പരിപാടികളും സംഘടിപ്പിക്കും.

കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ വിസിമാരെ നിയമിക്കാൻ ഇതുവരെ സർക്കാരിനു കഴിഞ്ഞിട്ടില്ല. കുടുംബക്കാർക്കു നിയമനം നടത്തുന്നതിൽ മാത്രമാണ് സർക്കാരിനു ശ്രദ്ധ. മന്ത്രി കെ.ടി. ജലീൽ രാജിവയ്ക്കുന്നതുവരെ സമരവുമായി മുന്നോട്ടു പോകുമെന്ന് അഭിജിത് പറഞ്ഞു.