ഇടതു മുന്നണി വർഗീയ കക്ഷികളുടെ ഇടത്താവളമല്ല: അച്യുതാനന്ദൻ

വി.എസ്. അച്യുതാനന്ദൻ

തിരുവനന്തപുരം ∙ ഐഎൻഎൽ, കേരള കോൺഗ്രസ് (ബി) ഉൾപ്പെടെ കക്ഷികളെ സ്വീകരിച്ച്  ഇടതു മുന്നണി വിപുലപ്പെടുത്തിയതിനെ രൂക്ഷമായി വിമർശിച്ചു മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദൻ. വർഗീയ കക്ഷികളുടെ ഇടത്താവളമല്ല ഇടതു മുന്നണിയെന്നു വി.എസ് പൊതു വേദിയിൽ വ്യക്തമാക്കി. സ്ത്രീ വിരുദ്ധത, കാലഹരണപ്പെട്ട അനാചാരങ്ങൾ, സവർണ മേധാവിത്വം എന്നിവ ഉയർത്തിപ്പിടിക്കുന്നവർ എന്നിവർക്ക് ഇടതുപക്ഷ കൂട്ടായ്മകളിലും മുന്നണികളിലും സ്ഥാനമില്ലെന്നും വിഎസ് പറഞ്ഞു.

ജനാധിപത്യം, മതേതരത്വം, തുല്യത, സോഷ്യലിസം എന്നിങ്ങനെയുള്ള ചില ഉൾക്കാഴ്ചകൾ ഉള്ളവരുടെ കൂട്ടായ്മയാവണം ഇടതുപക്ഷം. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മകളും മുന്നണികളും കെട്ടിപ്പടുക്കുന്നതും ഇത്തരം ചില ഉൾക്കാഴ്ചകളോടെയാണ്.

ഭരണഘടന വിശകലനം ചെയ്തു സുപ്രീംകോടതി ശരിയായി വിലയിരുത്തിയ സ്ത്രീ സമത്വം എന്ന ആശയത്തെ പ്രത്യക്ഷമായും പരോക്ഷമായും എതിർക്കുന്നവരുണ്ട്. പുരുഷൻ ചെല്ലാവുന്ന ഇടങ്ങളിൽ സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തുന്നതു ഭരണഘടനാവിരുദ്ധമാണെന്ന ഇടതുപക്ഷ നിലപാടാണ് സുപ്രീംകോടതി ഉയർത്തിപ്പിടിച്ചത്. എന്നാൽ, കുടുംബത്തിൽ പിറന്ന സ്ത്രീകൾ ശബരിമലയിൽ പോവില്ല എന്ന നിലപാടുള്ളവരും സ്ത്രീകൾ തങ്ങളുടെ ഭരണഘടനാ അവകാശം വിനിയോഗിക്കരുതെന്ന് ആഹ്വാനം ചെയ്യുന്നവരും ഇടതുപക്ഷത്തിന് ബാധ്യതയാവും എന്ന കാര്യത്തിൽ തർക്കമില്ലെന്നും വിഎസ് പറഞ്ഞു. മണമ്പൂരിൽ ‘സഖാക്കൾ’ സാംസ്കാരിക വേദിയുടെ വാർഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഎസ് പങ്കെടുക്കാത്ത ഇടതു മുന്നണി സംസ്ഥാന കമ്മിറ്റിയാണു മുന്നണി വിപുലീകരിക്കാൻ തീരുമാനിച്ചത്.