ഇറാൻ സംവിധായകന്റെ ഹിന്ദി സിനിമയിലേക്ക് മലയാളിയായ മാളവിക മോഹനൻ

മുംബൈ∙ പ്രശസ്ത ഇറാൻ സംവിധായകൻ മജീദ് മജീദിയുടെ സിനിമയിൽ മലയാളി നടി മാളവിക മോഹനൻ നായിക. മജീദിയുടെ ആദ്യ ഇന്ത്യൻ സംവിധാന സംരംഭമായ ‘ബിയോണ്ട് ദ് ക്ലൗഡ്സ്’ എന്ന ചിത്രത്തിലേക്കു ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, പ്രിയങ്ക ചോപ്ര, കങ്കണ റണാവത് എന്നിവരെ പിന്തള്ളിയാണു മാളവിക തിരഞ്ഞെടുക്കപ്പെട്ടത്. നടൻ ഷാഹിദ് കപൂറിന്റെ ഇളയ സഹോദരൻ ഇഷാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. സഹോദര ബന്ധമാണു പ്രമേയം.

എ.ആർ. റഹ്മാനാണ് സംഗീത സംവിധായകൻ. ഗാനരചന ഗുൽസാർ. പ്രശസ്ത ബോളിവുഡ് ക്യാമറാമാനായ കെ.യു.മോഹനന്റെ മകളായ മാളവിക ‘പട്ടം പോലെ’ എന്ന മലയാള ചിത്രത്തിലൂടെയാണ് അഭിനയരംഗത്തെത്തിയത്. മുംബൈ, ജയ്പുർ നഗരങ്ങളിലായാണു ചിത്രീകരണം. ഇന്ത്യൻ പശ്ചാത്തലത്തിലുള്ള സിനിമ ഹിന്ദിയിലാണ് അണിയിച്ചൊരുക്കുന്നത്.