ഒരു മണിക്കൂർ കാത്തിരുന്നു; ഒടുവിൽ പിണറായി പ്രസംഗിക്കാതെ മടങ്ങി

ചെന്നൈ ∙ നിശ്ചിത സമയം കഴിഞ്ഞ് ഒരു മണിക്കൂറോളം കാത്തിരുന്നിട്ടും തന്റെ ഊഴമെത്താതിരുന്നതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാതെ മടങ്ങി. ഇന്ത്യ ടുഡേ ഗ്രൂപ്പ് ചെന്നൈയിൽ സംഘടിപ്പിച്ച ‘കോൺക്ലേവ് സൗത്ത്’ പരിപാടിയായിരുന്നു വേദി. സമ്മേളനത്തിന്റെ രണ്ടാംദിനമായ ഇന്നലെ ‘എന്തുകൊണ്ട് കേരളത്തിൽ നിക്ഷേപം നടത്തണം’ എന്ന വിഷയത്തിൽ 11 മണിക്കാണു കേരള മുഖ്യമന്ത്രിക്കു പ്രസംഗിക്കാൻ സമയം അനുവദിച്ചിരുന്നത്. നിർദിഷ്ട സമയത്തിനു മുൻപു തന്നെ പിണറായി സ്ഥലത്തെത്തുകയും ചെയ്തു.

കോൺക്ലേവിൽ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു 9.30ന് പ്രസംഗിക്കേണ്ടതായിരുന്നു. അദ്ദേഹം എത്താൻ വൈകിയതിനാൽ 11നു ശേഷമാണ് ഈ സെഷൻ ആരംഭിച്ചത്. വെങ്കയ്യയ്ക്കുശേഷം ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായി‍ഡുവിനെയാണു പ്രസംഗിക്കാൻ ക്ഷണിച്ചത്. യഥാർഥ സമയപ്പട്ടിക പ്രകാരം പിണറായിക്കു ശേഷമാണു നായിഡു പ്രസംഗിക്കേണ്ടിയിരുന്നത്. അൽപനേരം കൂടി കാത്തിരുന്നശേഷം 12 മണിയോടെ പിണറായി ചടങ്ങിൽ നിന്ന് ഇറങ്ങി. ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ (എഐബിഇഎ) ദേശീയ സമ്മേളനത്തിൽ 12 മണിക്ക് അദ്ദേഹത്തിനു പങ്കെടുക്കേണ്ടതുണ്ടായിരുന്നു. സംഘാടകർ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി വഴങ്ങിയില്ല.

തുടർന്ന്, അര മണിക്കൂർ വൈകി 12.30നാണ് എഐബിഇഎ വേദിയിലെത്തിയത്. കോൺക്ലേവിൽ ടൂറിസവുമായി ബന്ധപ്പെട്ടു വൈകിട്ടു നടന്ന ചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ചു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്തു.