മഞ്ചേരിയിൽ അരക്കോടിയുടെ കുഴൽപണവേട്ട; മുഴുവനും പുതിയ 2000, മൂന്നുപേർ പിടിയിൽ

അരകോടി രൂപയുടെ കുഴൽപ്പണവുമായി മഞ്ചേരിയിൽ അറസ്റ്റിലായ ഉണ്ണിമോയി, ഫസലുറഹ്‌മാൻ, മുഹമ്മദ് ജംഷീദ് എന്നിവർ.

മഞ്ചേരി ∙ പുതിയ 2,000 രൂപയുടെ നോട്ടുകൾ മാത്രമടങ്ങിയ 52.50 ലക്ഷത്തിന്റെ കുഴൽപണം പൊലീസ് പിടികൂടി; മൂന്നുപേർ അറസ്റ്റിൽ. കോഴിക്കോട് മാവൂർ പാഴൂർ ഉണ്ണിമോയി (62), മുക്കം നെല്ലിക്കാപറമ്പ് തോണിച്ചാൽ ഫസലുറഹ്‌മാൻ (30), മഞ്ചേരി നറുകര പട്ടർകുളം മുഹമ്മദ് ജംഷീദ് (22) എന്നിവരാണു കുഴൽപണവുമായി പിടിയിലായത്.

ജംഷീദിനെ മഞ്ചേരി വയപ്പാറപ്പടിയിൽനിന്നാണു രണ്ടര ലക്ഷം രൂപയുമായി പിടികൂടിയത്. ഉണ്ണിമോയിയെയും ഫസലുവിനെയും 50 ലക്ഷവുമായി പുല്ലാരയിൽനിന്നു പിടിച്ചു. മുംബൈയിൽനിന്ന് ട്രെയിൻ മാർഗം കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സംഘം പണം കൊണ്ടുവന്നതെന്നു പൊലീസ് പറഞ്ഞു.

4,000 രൂപ പ്രതിഫലത്തിനു ജോലി ചെയ്യുന്ന കാരിയർമാരാണ് അറസ്റ്റിലായവർ.
ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡിസിആർബി ഡിവൈഎസ്പി സുരേഷ്കുമാറിന്റെ നേതൃത്വത്തിൽ മഞ്ചേരി സിഐ കെ.എം.ബിജു, എസ്ഐ എസ്.ബി.കൈലാസ് നാഥ്, പൊലീസുകാരായ മോഹൻദാസ്, ശശികുമാർ, ടി.ശ്രീകുമാർ, വിജയകുമാർ, പി.സഞ്ജീവ്, അഷ്റഫ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.