രാജേന്ദ്രൻ ഭൂമി കയ്യേറിയിട്ടില്ല, റിസോർട്ടുകൾക്ക് നിയന്ത്രണം കൊണ്ടുവരും: മുഖ്യമന്ത്രി

എസ്. രാജേന്ദ്രൻ എംഎൽഎ, മൂന്നാർ ടൗണിൽ എംഎൽഎ നിർമ്മിക്കുന്ന വീട്

തിരുവനന്തപുരം ∙ മൂന്നാറിൽ ഒരു വിധത്തിലുമുള്ള കയ്യേറ്റങ്ങളും പ്രോത്സാഹിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കയ്യേറ്റക്കാർക്കെതിരെ നിർദാക്ഷിണ്യം നടപടിയെടുക്കും. ഭൂപ്രശ്നങ്ങൾക്കൊപ്പം കർഷകരുടെ പ്രശ്നങ്ങളും പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി കണ്ടു നടപടിയെടുക്കില്ല. മൂന്നാറിൽ ഭൂപ്രകൃതി കണക്കാക്കിയുള്ള നിർമാണങ്ങളാണ് വേണ്ടത്. മൂന്നാറിൽ റിസോർട്ടുകൾക്കു നിയന്ത്രണം കൊണ്ടുവരും. അവിെട താമസിക്കാൻ എത്തുന്ന ടൂറിസ്റ്റുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള റിസോർട്ടുകൾ മതിയാകും. അങ്ങനെ നിർമിക്കുന്നവ പരിസ്ഥിതിക്ക് ഇണങ്ങുന്നവ ആയിരിക്കണം.

മൂന്നാറിലെ പരിസ്ഥിതിക്ക് കോട്ടം തട്ടരുതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ട്. അതിനൊപ്പം തന്നെയാണ് ഇടുക്കിയിലെ ജനങ്ങളും. ഭൂപ്രകൃതി സംരക്ഷിക്കുക എന്നതിനൊപ്പം ജനങ്ങളെയും പരിഗണിക്കുക എന്നാണ് സർക്കാർ നയം. കർഷകർക്ക് പട്ടയം ലഭിച്ചു. തുടർന്ന് മരം വച്ചുപിടിപ്പിച്ചെങ്കിലും മരം മുറിക്കാൻ അനുമതി ലഭിക്കുന്നില്ല എന്നൊരു പ്രശ്നം നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ മുറിക്കാവുന്ന 28 മരങ്ങൾ നേരത്തെതന്നെ തീരുമാനിച്ചിട്ടുണ്ട്. അതിനെ എതിർക്കേണ്ടതില്ല എന്നാണ് സർക്കാർ നിലപാട്.

മറ്റൊരു പ്രശ്നം വീടുവയ്ക്കുന്നതാണ്. വീടുവയ്ക്കുന്നതിന് ഹൈക്കോടതി പറഞ്ഞത് റവന്യൂ അധികൃതർ അനുമതി നൽകണമെന്നാണ്. സബ് കലക്ടർ ആണ് ഇപ്പോൾ അനുമതി നൽകുന്നത്. പലപ്പോഴും സബ് കലക്ടർക്ക് ഇത്രയും വലിയ പ്രദേശം ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുണ്ട്. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്നാണ് പരിശോധിക്കുന്നത്. റവന്യൂവകുപ്പ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, എസ്. രാജേന്ദ്രൻ എംഎൽഎ ഭൂമി കയ്യേറിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. എംഎൽഎ ഭൂമി കയ്യേറി എന്നു പറയുന്നത് കേവലം ആരോപണം മാത്രമാണ്. രാജേന്ദ്രൻ വീട് നിർമിച്ചത് പട്ടയഭൂമിയിൽ ആണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.